തിരുവനന്തപുരം : മലയാളത്തിൽ ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് (S Somanath). 'നിലാവ് കുടിച്ച സിംഹങ്ങൾ' (Nilavu Kudicha Simhangal) എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ നവംബറിൽ പുറത്തിറങ്ങും (ISRO Chairman S Somanath Autobiography). കോഴിക്കോട് ആസ്ഥാനമായ ലിപി പബ്ലിക്കേഷനാണ് (Lipi Publications) പ്രസാധകർ. ഗ്രാമവാസിയായ ഒരു ദരിദ്ര യുവാവിൽ നിന്നാരംഭിക്കുന്ന സംഭവബഹുലമായ കഥ ഐഎസ്ആർഒയിലൂടെയുള്ള (ISRO) അദ്ദേഹത്തിന്‍റെ വളർച്ച, നിലവിലെ പദവിയിലേക്കെത്തിയ പടവുകൾ എന്നിവയിലൂടെ ചന്ദ്രയാൻ-3 (Chandrayaan 3) വിക്ഷേപണം വരെ എത്തിനിൽക്കുന്നു. റോക്കറ്റ് നിർമാണം, പിഎസ്എൽവി (PSLV), ജിഎസ്എൽവി മാർക്ക് III, ചന്ദ്രയാൻ-3 എന്നിവയുടെ കഥകളും പുസ്‌തകത്തിൽ പരാമർശിച്ചിട്ടുണ്ട് (S Somanath Pens Autobiography).
തന്‍റെ ആത്മകഥയെ പ്രചോദനാത്മകമായ കഥയായി വിളിക്കാൻ ആഗ്രഹിക്കുന്നതായി എസ് സോമനാഥ് പറഞ്ഞു. 'ഇത് യഥാർഥത്തിൽ എഞ്ചിനീയറിങ്ങിന് ചേരണോ ബിഎസ്‌സിക്ക് ചേരണോ എന്ന് പോലും അറിയാത്ത ഒരു സാധാരണ ഗ്രാമീണ യുവാവിന്‍റെ കഥയാണ്. എന്‍റെ ജീവിതകഥ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഈ പുസ്‌തകം. ജീവിതത്തിലെ പ്രതിസന്ധികളോട് പോരാടുമ്പോൾ അവരുടെ സ്വപ്‌നങ്ങളെ പിന്തുടരാൻ ആളുകളെ പ്രചോദിപ്പിക്കുക എന്നതാണ് ഇതിന്‍റെ ഒരേയൊരു ഉദ്ദേശം' -ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.
ചന്ദ്രയാൻ-3 (Chandrayaan 3) ദൗത്യത്തിന്‍റെ ചരിത്രവിജയമാണ് ഇത്ര പെട്ടെന്ന് ഒരു പുസ്‌തകവുമായി വരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 'ചാന്ദ്ര ദൗത്യം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചുറ്റും നോക്കിയപ്പോൾ, എത്രയെത്ര ആളുകൾ, പ്രത്യേകിച്ച് കുട്ടികൾ, അതിന്‍റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു എന്ന് കാണാൻ കഴിഞ്ഞു. ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും ഇത്രയും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അവർ മനസിലാക്കി' -അദ്ദേഹം വിശദീകരിച്ചു.
കഴിവുള്ള പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആത്മവിശ്വാസമില്ലായ്‌മ. അത് അവരെ ബോധ്യപ്പെടുത്തുക എന്നതാണ് തന്‍റെ പുസ്‌തകത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാണിച്ച സോമനാഥ്, സംഘർഷങ്ങളും ധർമ്മസങ്കടങ്ങളും ഉണ്ടെങ്കിലും, ജീവിതത്തിലെ ശരിയായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും മികച്ച തൊഴിൽ സാധ്യതകൾ തെരഞ്ഞെടുക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും കൂട്ടിച്ചേർത്തു.
ഒടുവിൽ എന്തുകൊണ്ടാണ് മലയാളത്തിൽ പുസ്‌തകം എഴുതാൻ തീരുമാനിച്ചതെന്ന് ചോദിച്ചപ്പോൾ പുഞ്ചിരിച്ചുകൊണ്ട് സോമനാഥിന്‍റെ മറുപടി ഇങ്ങനെ - 'ഞാനൊരു മലയാളിയായതുകൊണ്ടും മാതൃഭാഷയിൽ എഴുതാൻ കൂടുതൽ സുഖമുള്ളതുകൊണ്ടും.'