ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം (Blast near Israel embassy in New Delhi). നയതന്ത്രജ്ഞരും തൊഴിലാളികളുമടക്കം എല്ലാവരും സുരക്ഷിതരെന്ന് 'മിഷൻ ടു ഇന്ത്യ'യുടെ ഇസ്രായേൽ ഡെപ്യൂട്ടി മേധാവി ഒഹാദ് നകാഷ് കെയ്‌നാർ അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് എംബസിക്ക് സമീപം സ്‌ഫോടനം നടന്നതെന്നാണ് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥൻ പറഞ്ഞത്.
സംഭവത്തെ തുടർന്ന് ഡൽഹി പൊലീസും സുരക്ഷാ സേനയും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. "ഇന്ന് വൈകുന്നേരം 5 മണിയോടെ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായി. ഞങ്ങളുടെ എല്ലാ ജീവനക്കാരും നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. സുരക്ഷാ സേന ഡൽഹി പോലീസുമായി സഹകരിച്ച് സ്‌ഫോടനത്തിൽ അന്വേഷണം നടത്തി വരികയാണ്" സ്‌ഫോടനത്തെക്കുറിച്ച് കെയ്‌നാർ പറഞ്ഞതിങ്ങനെ.
മാസങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന ഇസ്രായേൽ-പലസ്‌തീൻ സംഘർഷത്തിനിടെയാണ് സ്ഫോടനം നടന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമാന സംഭവം 2021ലും: 2021ലും സമാനമായ സംഭവം നടന്നിരുന്നു. 2021 ജനുവരി 29മാണ് ഡൽഹിയിൽ എപിജെ അബ്ദുൾ കലാം റോഡിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നത്.
എന്നാൽ അന്ന് എംബസിക്ക് സമീപം ഉണ്ടായത് തീവ്രത കുറഞ്ഞ സ്‌ഫോടനമായിരുന്നു. ആർക്കും പരിക്കുകളില്ലായിരുന്നു. സ്ഫോടനത്തിൽ എംബസിക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികളും സേനാതലവൻമാരും പങ്കെടുക്കുന്ന ബീറ്റിംഗ് ദ റീട്രീറ്റ് പരിപാടി രാജ്‌പഥിൽ പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
പിന്നീട് സംഭവസ്ഥലത്ത് നിന്ന് ഇസ്രായേൽ എംബസി അംബാസഡർക്ക് അയച്ച കത്ത് ഡൽഹി പോലീസ് സംഘം കണ്ടെത്തിയിരുന്നു. അന്വേഷണം പിന്നീട് എൻ ഐ എയ്ക്ക് കൈമാറിയെങ്കിലും ഇതുവരെ അന്വേഷണത്തിൽ പുരോഗമനമൊന്നും ഉണ്ടായിരുന്നില്ല.