ന്യൂഡൽഹി: ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയാൻ സമയമായെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. അല്ലെങ്കിൽ അദ്ദേഹം ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ അംഗീകരിക്കുന്നതായി പലരും വ്യാഖ്യാനിക്കുമെന്നും ശശി തരൂർ പറഞ്ഞു.
ഇസ്‌ലാമിക രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സമീപ വർഷങ്ങളിൽ നടപടികൾ സ്വീകരിച്ച കേന്ദ്ര സർക്കാർ തന്നെ ഇപ്പോൾ അതിന് തുരങ്കം വയ്‌ക്കാനുള്ള ശ്രമത്തിലാണെന്നത് വിരോധാഭാസമാണ്. അതിനാൽ രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളെ കുറിച്ചും ഇസ്ലാമോഫോബിക് സംഭവങ്ങളെ കുറിച്ചും പ്രധാനമന്ത്രി പ്രതികരിക്കണമെന്നും ശശി തരൂർ.
ഇത്തരത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്‍റെ വികസനത്തിനു വേണ്ടിയുള്ള മോദിയുടെ കാഴ്‌ചപ്പാടിന് തുരങ്കം വയ്‌ക്കുന്നതാണെന്ന് അദ്ദേഹം മനസിലാക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. സാമൂഹിക സംയോജനവും ദേശീയ ഐക്യവും ഏതൊരു രാജ്യത്തിന്‍റെയും പുരോഗതിക്കും വളർച്ചയ്‌ക്കും അനിവാര്യമാണ്. അതുകൊണ്ട് 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്' എന്ന മുദ്രാവാക്യത്തിന്‍റെ പേരിൽ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ അവസാനിപ്പിക്കാൻ മോദി ആവശ്യപ്പെടണമെന്നും ശശി തരൂർ എംപി പറഞ്ഞു.
മതനിന്ദ നിയമങ്ങളുടെ ആരാധകനല്ല താൻ. മതനിന്ദ നിയമങ്ങൾ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ നിലവിലെ വിദ്വേഷ പ്രസംഗങ്ങളും മോശം പ്രവണതകളും നേരിടാൻ നിലവിലെ വിദ്വേഷ പ്രസംഗ നിയമവും സെക്ഷൻ 295എയും പര്യാപ്‌തമാണെന്നും തരൂർ വ്യക്തമാക്കി. എന്നാൽ ഇത്തരം നിയമങ്ങൾ വേർതിരിവുകളില്ലാതെ പ്രാദേശിക ഭരണകൂടവും പൊലീസും നടപ്പാക്കാത്തതാണ് പ്രശ്‌നം. കുറ്റവാളികൾക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നത് ഭാവിയിൽ ഇത്തരം സംഭവങ്ങൾ കുറയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.