ലക്‌നൗ: കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ, ഇസ്‌ലാമിക് സെന്‍റര്‍ ഓഫ് ഇന്ത്യയിലെ (ഐസിഐ) പുരോഹിതന്മാർ വിവിധ മതമേധാവികളുമായി സർവമത സമ്മേളനം നടത്തും. വിദ്യാർഥികളെ ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നത് തടയുന്നത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ഐസിഐ ചൂണ്ടികാട്ടി.
'ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 25 അനുസരിച്ച് ഓരോ പൗരനും ഇഷ്‌ടാനുസരണം മതം ആചരിക്കാന്‍ അവകാശമുണ്ട്. വിദ്യാർഥികളെ ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നത് തടയുന്നത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ്,' ഐസിഐ മേധാവി മൗലാന ഖാലിദ് റാഷിദ് ഫരംഗി മഹലി പറഞ്ഞു.
രാജ്യത്തിന്‍റെ ഭാവി, സമാധാനം, ക്ഷേമം എന്നിവയ്‌ക്കായി വിദ്വേഷത്തിനെതിരെ പൊതുവായി ഒരു പരിഹാരം കണ്ടെത്തുന്നതിനായി വിവിധ മതമേധാവികളുടെ ഒരു സർവമത സമ്മേളനം നടത്താൻ തീരുമാനിച്ചതായി ഐസിഐ തലവൻ മൗലാന ഖാലിദ് റാഷിദ് ഫരംഗി മഹലി വ്യക്തമാക്കി.
സ്ത്രീകൾ ഹിജാബ് ധരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പുരോഹിതന്മാർ യോഗത്തില്‍ വിശദീകരിച്ചു. ഖുർആനിലും ഹദീസുകളിലും (പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളും പ്രവൃത്തിയും) വ്യക്തമാക്കിയിട്ടുള്ളത് പ്രകാരം ഹിജാബ് ധരിക്കുന്നത് മുസ്‌ലിം സ്ത്രീകളുടെ നിര്‍ബന്ധ ബാധ്യതയാണെന്ന് പുരോഹിതന്മാര്‍ പറഞ്ഞു.
ഭരണഘടന ഓരോ പൗരനും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുനൽകുന്നു. കർണാടക സർക്കാർ വിദ്യാര്‍ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും ഐസിഐ തലവൻ കൂട്ടിച്ചേര്‍ത്തു.
Also read: കര്‍ണാടകയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്ക്