'സുസ്ഥിരമായ സർക്കാരും അതേപോലെ കരുത്തുറ്റ പ്രതിപക്ഷവും' ഇതാണ് ജനാധിപത്യമാകുന്ന രഥത്തിന്‍റെ രണ്ട് ചക്രങ്ങൾ. അതായത് ഭരണ പക്ഷത്തെപ്പോലെ തന്നെ പ്രധാനമാണ് പ്രതിപക്ഷവും. ഇടിമിന്നലിനെതിരെ കുടയെ കവചമായി ഉപയോഗിക്കുന്നത് പോലെ പ്രതിപക്ഷം ദുർബലമായാൽ പുരോഗതിയുടെ പാതയിലുള്ള രാജ്യത്തിന്‍റെ പ്രയാണം മന്ദീഭവിക്കും. ജനാധിപത്യം ഏകപക്ഷീയമാകും. ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണം ശക്‌തമായ കാറ്റിൽ കത്തിച്ചുവച്ച മെഴുകുതിരി പോലെയാകും.
സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും സർക്കാരുകളുടെ പരാജയങ്ങളും പോരായ്‌മകളും വെളിച്ചത്തുകൊണ്ടുവരേണ്ട പ്രതിപക്ഷം തികച്ചും അശക്തരാകുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ പ്രവണതയല്ല. അതിന്‍റെ ഫലമായി കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടയിൽ രാജ്യം ഒട്ടേറെ ദുരന്തങ്ങൾ നേരിട്ടു. 2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിരിഞ്ഞ താമര പ്രതിപക്ഷ പാർട്ടികളെ പൂർണമായും നിലംപരിശാക്കി.
എന്നാൽ ഈ പാർട്ടികൾക്ക് ഇന്നുവരെ തങ്ങളുടെ പ്രാണവായു, അതായത് ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിച്ചുകൊണ്ട് ശക്‌തി വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ബിജെപിയെ നേരിടാൻ ഒറ്റക്കെട്ടായ പോരാട്ടമാണ് ഏക പോംവഴി എന്ന് അവർ ഇടക്കിടെ ഒച്ചപ്പാടുകൾ ഉണ്ടാക്കുന്നു. എന്നാൽ ഈ തന്ത്രം നടപ്പിലാക്കേണ്ട ഘട്ടത്തിൽ ഒന്നിച്ച് നിൽക്കാതെ ഓരോ പാർട്ടിയും സ്വന്തം വഴിക്ക് പോകുന്നു.
പതിനാറാം രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള സമയക്രമം തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ ഐക്യം വീണ്ടും ചർച്ചയായി. രാംനാഥ് കോവിന്ദിന്‍റെ പിൻഗാമിയെന്ന നിലയിൽ സ്വന്തം സ്ഥാനാർഥിയെ പരമോന്നത പീഠത്തിൽ നിർത്തുന്നതിൽ എൻഡിഎയ്ക്ക് 20,000 വോട്ടുമൂല്യങ്ങളുടെ കുറവ് (ആവശ്യമായ ഭൂരിപക്ഷത്തിൽ) നേരിടേണ്ടിവരുന്നുണ്ട്. ഇത് എൻഡിഎ ഇതര കക്ഷികൾക്ക് ഒരു സുവർണാവസരമാണ്.
തെരഞ്ഞെടുപ്പില്‍ കൂട്ടായി, ശക്തമായി നിലയുറപ്പിച്ചാല്‍ അത് പ്രതിപക്ഷത്തിന് ബദൽ അവതരിപ്പിക്കുന്നതിനുള്ള അടിത്തറയാകും. നിഷ്‌ഫലമായ അഹംഭാവവും സങ്കുചിത ചിന്താഗതിയും സ്വാർഥ രാഷ്ട്രീയവും ഉപേക്ഷിച്ചാൽ ഈ ജനാധിപത്യ അഗ്‌നിപരീക്ഷയിൽ പ്രതിപക്ഷത്തിന് വിജയിക്കാൻ സാധിക്കും.
മുൻകാലങ്ങളിൽ കോൺഗ്രസ് ഉൾപ്പടെ 19 പാർട്ടികൾ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ യോജിച്ച പരിശ്രമത്തിലൂടെ വലിയ പ്രമേയങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ പിന്നീട് കോണ്‍ഗ്രസിന്‍റെ നേതാക്കളുടെ തന്നെ മോശം ശൈലി അതിനെ തകർത്തു. ജനപ്രീതി കുറഞ്ഞുവരുന്ന ഈ സാഹചര്യത്തിൽ പോലും സോണിയ ഗാന്ധിയുടെ അടുത്ത സഹയാത്രികർ യാഥാർഥ്യബോധമുള്ള സമീപനം സ്വീകരിക്കില്ല എന്ന് ശാഠ്യം പിടിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു പാർട്ടി പ്രാദേശിക തലത്തിൽ തങ്ങളുടെ സ്വാധീനത്തെക്കുറിച്ച് അമിത ആത്മവിശ്വാസം പുലർത്താതെ ശരിയായ രീതിയിൽ പ്രവർത്തിക്കുമ്പോൾ സഖ്യ രാഷ്ട്രീയം വിജയിക്കും. സഖ്യകക്ഷികളിൽ എല്ലാവരുമായും ഐക്യത്തോടെ മുന്നോട്ട് പോകാനുള്ള വിവേകവും വിശാലമനസ്‌കതയും ഉള്ളവരാണെങ്കിൽ ഒരു സഖ്യം ശക്തമായി നിലകൊള്ളും. അവർ ദീർഘകാലം വിജയപരമായി മുന്നോട്ട് പോകും.
ഇതിന് വിരുദ്ധമായി ഭരണ കക്ഷിയോടുള്ള അന്ധമായ വിരോധം മാത്രം മുൻനിർത്തി പ്രവർത്തിച്ച മഹാസഖ്യം മുൻപ് പരാജയപ്പെട്ടത് നാം കണ്ടതാണ്. സ്വന്തം ആവശ്യങ്ങൾക്കുള്ള ഔദ്യോഗിക പദവികൾക്ക് മാത്രമായി പല സംസ്ഥാനങ്ങളിലും ഉടലെടുത്ത സഖ്യങ്ങൾ പെട്ടെന്നുതന്നെ ശിഥിലമായതും നാം കണ്ടു.
അതിനാൽ ഭരണകക്ഷിക്കെതിരെ വെറുതെ വിമർശനം ഉന്നയിക്കുന്നതിന് പകരം ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തിനായി സംയുക്‌തമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കാനുള്ള അർപ്പണബോധം പ്രതിപക്ഷം പ്രകടിപ്പിക്കണം. ഇത്തരത്തിലുള്ള ഉറച്ച നിർദേശങ്ങളോ തീരുമാനങ്ങളോ ഒന്നും ഇല്ലാതെ എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാൻ തയ്യാറുള്ള, സ്ഥിരമായി അത്തരം സ്വഭാവം കാണിക്കുന്നവരുമായി സഖ്യം ചേരുന്നു. അവർ കാലാകാലങ്ങളായി പൊതുജനങ്ങൾക്ക് ഉപയോഗശൂന്യരായി തുടരുന്നു.
ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ച് പക്വതയാർന്ന തന്ത്രങ്ങളുമായി പ്രതിപക്ഷ പാർട്ടികൾക്ക്, അവരുടെ ശാഠ്യപരമായ വിഡ്ഢിത്തപരമായ നിലപാടുകൾ മാറ്റിവച്ച് ഒരു വേദിയിൽ ഒന്നിക്കുക എന്നത് എളുപ്പമല്ല. അതിനാൽ തന്നെ ഈ ഐക്യം കൈവരിക്കാൻ അവർ തയ്യാറാകുമോ? ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി, ശക്തവും യഥാർഥവുമായ ബദലിന് കളമൊരുക്കാൻ ആത്മാർഥതയോടെ നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കാൻ അവർക്കാകുമോ? അതോ ഇവയെല്ലാം വെറും ചോദ്യചിഹ്നങ്ങൾ മാത്രമായി മാറുമോ?
(ഈനാടു ദിനപത്രത്തിന്‍റെ മുഖപ്രസംഗം)