പൂനെ (മഹാരാഷ്‌ട്ര): റോഡരികിലെ പരസ്യ ഹോര്‍ഡിങ് തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡ് ടൗൺഷിപ്പിലെ സര്‍വീസ് റോഡിനരികിലായി സ്ഥാപിച്ചിരുന്ന ഇരുമ്പ് നിര്‍മിത ഹോര്‍ഡിങ് തകര്‍ന്നുവീണാണ് അഞ്ചുപേര്‍ മരിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ഹോര്‍ഡിങ് റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
മുംബൈ പൂനെ ദേശീയപാതയില്‍ റാവെറ്റ് കിവാലെ പ്രദേശത്ത് തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിനെത്തുടർന്ന് ചിലർ ഇരുമ്പ് ഹോര്‍ഡിങിന് കീഴിലായി വന്നുനിന്നു. ഈ സമയം വലിയ ശബ്‌ദത്തോടെ ഹോര്‍ഡിങ് തകര്‍ന്നുവീഴുകയായിരുന്നു. അഞ്ച് മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും ആരെങ്കിലും ഹോര്‍ഡിങിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധന നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടുത്തിടെ ജമ്മു കാശ്‌മീരില്‍ നടപ്പാലം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഏഴ് കുട്ടികളുള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉദംപൂര്‍ ജില്ലയിലെ ബെയിന്‍ ഗ്രാമത്തില്‍ ബൈശാഖി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടനെ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
അതേസമയം ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തിലാണ് രാജ്യത്തെയാകെ ഞെട്ടിച്ച് ഗുജറാത്തിലെ മോര്‍ബി മേഖലയില്‍ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീണ അപകടമുണ്ടാകുന്നത്. അപകടത്തില്‍ 134 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അടുത്തിടെയായിരുന്നു മോര്‍ബിയില്‍ തൂക്കുപാലം യാത്രക്കാര്‍ക്കായി തുറന്നുനല്‍കിയത്. അവധി ദിനമായതിനാല്‍ പാലത്തില്‍ സാധാരണയിലും അധികം തിരക്കും അനുഭവപ്പെട്ടിരുന്നു. ഇതാണ് പാലം തകരാനുള്ള കാരണമെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നതോടെ നിരവധിപേര്‍ വെള്ളത്തിലേയ്‌ക്ക് വീഴുകയായിരുന്നു. പിന്നീട് ആംബുലന്‍സ് എത്തിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേയ്‌ക്കെത്തിച്ചത്. മാത്രമല്ല മേഖലയില്‍ ദീര്‍ഘ സമയം രക്ഷപ്രവര്‍ത്തനവും നടന്നിരുന്നു.
അപകടത്തെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയും ഗുജറാത്ത് സര്‍ക്കാര്‍ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല രണ്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ സങ്കടത്തിലാഴ്‌ത്തിയ ദാരുണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങി നിരവധി പേര്‍ അനുശോചനം അറിയിച്ചിരുന്നു.
Also Read: ശക്തമായ സ്‌ഫോടനത്തില്‍ നാല് മരണം ; വീട് തകര്‍ന്നു, മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍