ന്യൂഡല്‍ഹി : ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വധശിക്ഷ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊളോണിയല്‍ ഭരണകാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണമായി പൊഴിച്ചെഴുതുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബില്ലുകള്‍ ആഭ്യന്തര മന്ത്രി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം ഭാരതീയ ന്യായ സന്‍ഹിത (Bharatiya Nyaya Sanhita), ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക സുരക്ഷ സന്‍ഹിത (Bharatiya Nagarik Suraksha Sanhita), ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ ബില്‍ (Bharatiya Sakshya Bill) എന്നിവ വരും. ബില്ലുകള്‍ കൂടുതല്‍ പരിശോധനയ്‌ക്കായി പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് അയക്കുമെന്ന് അമിത് ഷാ പറഞ്ഞു.
'ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് രൂപം കൊടുത്തവയായിരുന്നു അസാധുവാക്കപ്പെട്ട നിയമങ്ങളൊക്കെ. നീതി നടപ്പാക്കുന്നതിനേക്കാള്‍ ശിക്ഷിക്കുക എന്ന ലക്ഷ്യമായിരുന്നു അവയ്ക്കൊക്കെ. അവ മാറ്റിയെഴുതുന്നതിലൂടെ, നിയമങ്ങൾ ഇന്ത്യൻ പൗരന്‍റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണെന്ന ചിന്ത കൊണ്ടുവരും' - ബില്‍ അവതരണ ശേഷം അമിത് ഷാ വ്യക്തമാക്കി.
നിലവിലുള്ള രാജ്യദ്രോഹ നിയമം പിന്‍വലിക്കുമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹം എന്ന വാക്ക് നിര്‍ദ്ദിഷ്‌ട നിയമത്തില്‍ ഉണ്ടായിരിക്കില്ല, പകരം രാജ്യത്തിന്‍റെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്‌ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ സെക്ഷന്‍ 150 ന്‍റെ കീഴില്‍ വരും. സായുധ കലാപം, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍ എന്നിവ കുറ്റകരമാണ്.
ആരെങ്കിലും മനപൂര്‍വം സംസാരത്തിലൂടെയോ എഴുത്തിലൂടെയോ അടയാളങ്ങളിലൂടെയോ ദൃശ്യങ്ങളിലൂടെയോ ഇലക്‌ട്രോണിക് ആശയവിനിമയത്തിലൂടെയോ അട്ടിമറി, സായുധ കലാപം എന്നിവയ്‌ക്ക് ശ്രമിക്കുകയോ സ്വാധീനിക്കുകയോ ചെയ്‌താല്‍ ജീവപര്യന്തം തടവ്, ഏഴുവര്‍ഷം വരെ തടവും പിഴയും എന്നിങ്ങനെ ശിക്ഷ ലഭിക്കും. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, രാജ്യത്തിനെതിരായ കുറ്റങ്ങള്‍ എന്നിവയ്‌ക്കുള്ള നിയമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.
കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് ഫോറന്‍സിക് സംഘങ്ങളുടെ പരിശോധന നിര്‍ബന്ധമാക്കും.ഏഴു വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന കേസുകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാന്‍ അനുവദിക്കില്ല. സാധാരണ കേസുകളുടെ അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണം. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം കേസന്വേഷണത്തിന് 180 ദിവസം അനുവദിക്കും.ഒരു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി വരുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് പുതിയ ബില്ലിലുള്ളത്. തെളിവ് നല്‍കാന്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ ഇനി മുതല്‍ കോടതികളിലെത്തേണ്ടി വരില്ല. പകരം നിലവിലുള്ള ഉദ്യേഗസ്ഥര്‍ കോടതി മുമ്പാകെ മൊഴി നല്‍കിയാല്‍ മതിയാകും.