ന്യൂഡൽഹി: 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിന് ഗുരുതര വീഴ്‌ചയുണ്ടായതായി ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്. സൈനികരെ റോഡിലൂടെ യാത്ര ചെയ്യിക്കുന്നതിലെ അപകടം മനസിലാക്കി സിആർപിഎഫ് വിമാനം അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അദ്ദേഹം വിമാനം നൽകാൻ വിസമ്മതിച്ചതായും സത്യപാൽ മാലിക് ഇടിവി ഭാരതിനോട് പറഞ്ഞു.
ജമ്മു കശ്‌മീരിൽ ഗവർണറായി പ്രവർത്തിച്ച കാലം, അബ്ദുല്ല, മുഫ്‌തികൾ എന്നിവരുമായുള്ള തന്‍റെ പ്രവർത്തന ബന്ധം, ഫാക്‌സ് വിവാദം, ആർട്ടിക്കിൾ 370 റദ്ദാക്കൽ, പുൽവാമ ആക്രമണം, രാം മാധവിനെതിരായ അഴിമതി ആരോപണങ്ങൾ, അദാനി വിഷയം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ഇടിവി ഭാരതുമായി സംസാരിച്ചു. അഭിമുഖത്തിന്‍റെ പ്രസക്‌ത ഭാഗങ്ങൾ ഇതാ.
- പുൽവാമ ഭീകരാക്രമണം. അതൊരു ഇന്‍റലിജൻസ് പരാജയം മാത്രമായിരുന്നോ?
അതെ, അത് ഞങ്ങളുടെ സുരക്ഷാ വീഴ്‌ചയാണ്. സിആർപിഎഫ് ജവാന്മാർക്ക് വിമാനം നൽകണമെന്ന് സുരക്ഷാ സേന നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും രാജ്‌നാഥ് നിരസിച്ചതിനാൽ അവർക്ക് റോഡ് മാർഗം പോകേണ്ടിവന്നു. കശ്‌മീരിന്‍റെ കാര്യത്തിൽ അപകടകരമായ നടപടിയായിരുന്നു. വാഹന വ്യൂഹം സഞ്ചരിച്ച സ്ഥലത്തും ആക്രമണം നടന്ന സ്ഥലത്തും സുരക്ഷ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ അത് ഞങ്ങളുടെ കഴിവുകേടായിരുന്നു. ആ തെറ്റിന് ആരെങ്കിലും ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. രാജ്‌നാഥ് ഇല്ലെങ്കിൽ അദ്ദേഹത്തിന്‍റെ കീഴിലുള്ള സെക്രട്ടറിമാരും മറ്റുള്ളവരും ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ തങ്ങളുടെ കഴിവുകേട് മറച്ചുവയ്‌ക്കാൻ അവർ അതെല്ലാം പാകിസ്ഥാന്‍റെ ചുമലിൽ വച്ചു.
- അദാനി വിഷയം ദേശീയ വിഷയമായി മാറിയിരിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇത് ബിജെപിക്ക് ദോഷം ചെയ്യുമോ?
അത് ബോഫോഴ്‌സ് പോലെ ആഴത്തിൽ പോയിരിക്കുന്നു. ഇത് ഭാവിയിൽ ബിജെപിയെ പ്രതിസന്ധിയിലാക്കുന്ന വിഷയമായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി പോലും ഇക്കാര്യത്തിൽ വ്യക്തത വരുത്താതെ നിശബ്‌ദ കാഴ്‌ചക്കാരനായി തുടരുകയാണ്. ജനങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ട്. ഇതിന്‍റെ അനന്തരഫലങ്ങൾ ഉറപ്പായും ഉണ്ടാകും.
- നിങ്ങളുടെ സുരക്ഷ തരംതാഴ്ത്തപ്പെടുന്നതിനെ എങ്ങനെ കാണുന്നു? അതൊരു രാഷ്ട്രീയ പകപോക്കലാണോ?
ജഗ്‌മോഹൻ മുതൽ മുൻ ഗവർണർമാരുടെ ആരുടേയും സുരക്ഷ ഒരിക്കലും ഒഴിവാക്കിയിട്ടില്ല. എൽ കെ അദ്വാനി, ഗുലാം നബി ആസാദ്, മുരളി മനോഹർ ജോഷി എന്നിവർ ഇപ്പോൾ പാർലമെന്‍റേറിയൻ പോലുമല്ലാതിരുന്നിട്ടും സർക്കാർ ബംഗ്ലാവുകളിൽ കഴിയുന്നു. എന്നാൽ ഞാൻ കർഷകർക്ക് വേണ്ടി നിലകൊണ്ടതിനാൽ എന്നെ ഭയപ്പെടുത്താൻ എന്‍റെ സുരക്ഷ നീക്കം ചെയ്‌തു. എന്‍റെ നിലപാടുകൾ സർക്കാരിന് ഇഷ്‌ടപ്പെട്ടില്ല എന്നതാണ് കാരണം.
- പ്രധാനമന്ത്രി മോദിയെ കൂടാതെ ബിജെപിക്കുള്ളിൽ മറ്റേതെങ്കിലും ബദലുണ്ടോ?
നിതിൻ ഗഡ്‌കരി- അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. എല്ലാവർക്കും അദ്ദേഹത്തെ ഇഷ്‌ടമാണ്. അമിത് ഷായും കഴിവുള്ള നേതാവാണ്.
- യോഗി ആദിത്യനാഥിന്‍റെയും രാജ്‌നാഥ് സിംഗിന്‍റെയും കാര്യമോ?
യോഗി ആദിത്യനാഥിന് ഒരു പ്രത്യേക ജനവിഭാഗത്തിന്‍റെ പ്രധാനമന്ത്രിയാകാം. അദ്ദേഹം പ്രധാനമന്ത്രിയായാൽ അത് രാജ്യത്തിന് നല്ല ദിവസമായിരിക്കില്ല. രാജ്‌നാഥ് സിംഗും നല്ല മനുഷ്യനാണ്. എന്നാൽ ഇപ്പോൾ പൂർണമായും കീഴടങ്ങി. ഇതിനെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഗഡ്‌കരിയും നേരത്തെ മുൻ നിരയിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തെയും മാറ്റി നിർത്തി.
- ബിജെപിയുടെ ആഭ്യന്തര യോഗങ്ങളിൽ ആരെങ്കിലും അഭിപ്രായം പറയാറുണ്ടോ?
ഇല്ല. പ്രധാനമന്ത്രി മോദിയുടെ മുന്നിൽ ആരും സംസാരിക്കാറില്ല. അവർ ഒന്നും ചർച്ച ചെയ്യുന്നില്ല. ചിലപ്പോൾ അവർ ചില നിസാര വിഷയങ്ങൾ സംസാരിച്ചേക്കാം. പ്രധാനമന്ത്രി മോദി ആകെ മാറി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം വ്യത്യസ്‌തനായിരുന്നു. എന്നാൽ അദ്ദേഹം ഇപ്പോൾ ആകെ മാറിയിരിക്കുന്നു. അദ്ദേഹം ഇപ്പോൾ അഹങ്കാരിയും പ്രതികാരം നിറഞ്ഞ വ്യക്തിയുമായി മാറിയിരിക്കുന്നു.
- രാഹുൽ ഗാന്ധിയുടെ അയോഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം?
അത് പാർലമെന്‍ററി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായിരുന്നു. രാഹുൽ ഗാന്ധിയെ സംസാരിക്കാൻ പോലും സ്‌പീക്കർ അനുവദിച്ചില്ല. ജനാധിപത്യം ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടത്.
- കശ്‌മീരിന്‍റെ സംസ്ഥാന പദവി നഷ്‌ടപ്പെടുന്നതിന് മുമ്പ് അവിടുത്തെ അവസാനത്തെ ഗവർണറായിരുന്നു താങ്കൾ. അവിടെ 15 മാസം ഉണ്ടായിരുന്നു. കശ്‌മീരിലെ പ്രധാന പ്രശ്‌നം എന്താണ്?
കശ്‌മീരിനെ കുറിച്ച് ധാരണയില്ലാതെ മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരും ന്യൂഡൽഹിയിലിരുന്ന് ഭരണ നിർവഹണം നടത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. പ്രശ്‌നത്തിന്‍റെ 50% ഞങ്ങളുടേതും ബാക്കി പകുതി കശ്‌മീരി നേതാക്കളുടേതുമാണ്.
- നിങ്ങളുടെ ഭരണകാലത്ത്, കശ്‌മീരി നേതാക്കൾ ഇരട്ടത്താപ്പുള്ളവരാണെന്ന് പറഞ്ഞിരുന്നു. ആ പ്രസ്‌താവനയിലൂടെ എന്താണ് ഉദ്ദേശിച്ചത്?
അതെ അവർ ഇരട്ടത്താപ്പുള്ളവർ തന്നെയാണ്. ഡൽഹിയിലായിരിക്കുമ്പോൾ അവർ സംസാരിക്കുന്നത് മറ്റൊരു ഭാഷയാണ്. എന്നാൽ കശ്‌മീരിൽ എത്തിയാലുടൻ അവർ അടിമുടി മാറും. തങ്ങളുടെ പച്ച തൂവാല പുറത്തെടുക്കും.
- 2018ൽ നിങ്ങൾ അസംബ്ലി പിരിച്ചുവിട്ടപ്പോൾ, മെഹബൂബ മുഫ്‌തിയും ഒമർ അബ്ദുള്ളയും പിഡിപി-എൻസി-കോൺഗ്രസ് സഖ്യം തെളിയിക്കാമെന്ന് അറിയിച്ച നൽകിയ ഫാക്‌സ് താങ്കൾ അവഗണിച്ചത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്തായിരുന്നു സത്യാവസ്ഥ?
ട്വിറ്ററിലൂടെയോ ഫാക്‌സ് വഴിയോ സർക്കാരുകൾ ഉണ്ടാക്കുന്നില്ല. അവർ പരസ്‌പരം കൂടിയാലോചിച്ച ശേഷം ഒരു രേഖയുമായി എന്‍റെ അടുക്കൽ വരണം. അപ്പോൾ ഞാൻ അവരുടെ ഭൂരിപക്ഷം അംഗീകരിക്കുമായിരുന്നു, പക്ഷേ അത് ഒരിക്കലും സംഭവിച്ചില്ല. ഭൂരിപക്ഷമുണ്ടായിട്ടും അത് എങ്ങനെ തെളിയിക്കണമെന്നറിയാതെ അവർ കാര്യങ്ങൾ നിസാരമായി എടുക്കുകയായിരുന്നു.
- പീപ്പിൾസ് കോൺഫറൻസ് സജ്ജാദ് ലോൺ എങ്ങനെയാണ് ചിത്രത്തിലേക്ക് വന്നത്? സ്വന്തമായി നാല് സീറ്റുകൾ മാത്രമുള്ള അദ്ദേഹം ഭൂരിപക്ഷം അവകാശപ്പെടുകയും ബിജെപിയുടെയും മറ്റ് 18 പേരുടെയും പിന്തുണയോടെ ഭൂരിപക്ഷം നേടുമെന്ന് അവകാശം ഉന്നയിക്കുകയും ചെയ്‌തിരുന്നല്ലോ?
എനിക്ക് ആവശ്യമായ പേപ്പറുകൾ അയയ്ക്കണമെന്ന് ഞാൻ തന്നെ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ സത്യവാചകം ചൊല്ലിക്കൊടുത്താൽ ഒരാഴ്‌ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഇക്കാര്യം എന്‍റെ പി.എ യോട് സംസാരിച്ചിരുന്നു എന്നും സജ്ജാദ് ലോണ്‍ പറഞ്ഞു. അദ്ദേഹം സംസാരിച്ച വ്യക്‌തി എന്‍റെ മുൻഗാമിയുടെ പിഎ ആയിരുന്നുവെന്ന് ഞാൻ വ്യക്‌തമാക്കട്ടെ.
- കശ്‌മീരിലെ അഴിമതിയെക്കുറിച്ച് താങ്കൾ സംസാരിച്ചിട്ടുണ്ട്. ഈ തീവ്രവാദികൾ സ്വന്തം ആളുകളെ കൊല്ലുകയാണ്, എന്നാൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയാണ് ഇവിടെ കൊല്ലേണ്ടത് എന്ന് ഒരിക്കൽ താങ്കൾ പറഞ്ഞിരുന്നില്ലേ?
ഇതിൽ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ കശ്‌മീരി നേതാക്കൾ ജനങ്ങളുടെ പണം കൊള്ളയടിച്ചുവെന്നത് ഒരു വസ്‌തുതയാണ്. ഇത് പരസ്യമായ രഹസ്യം തന്നെയാണ്.
- അബ്ദുല്ലമാരുടെയും മുഫ്‌തിമാരുടെയും നേതൃത്വത്തെയാണോ നിങ്ങൾ കുറ്റപ്പെടുത്തുന്നത്?
പേരുകളൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജനങ്ങൾക്ക് എല്ലാം അറിയാം.
- ആർട്ടിക്കിൾ 370 റദ്ദാക്കിയ രീതി, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അത് എങ്ങനെ ചെയ്യണമായിരുന്നു എന്നാണ് അഭിപ്രായം?
അതെ, അക്കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. നിയന്ത്രണങ്ങളും ആശയവിനിമയ ഉപരോധങ്ങളും ഉണ്ടായിരുന്നു. എന്നാൽ സുരക്ഷ ഈ പരിധിക്കും മുകളിലായിരുന്നു. ക്രമസമാധാന പ്രശ്‌നമായിരുന്നു അവിടെ നിലനിന്നിരുന്നത്. അതിനാൽ ഞങ്ങൾക്ക് അത് ചെയ്യേണ്ടിവന്നു. പക്ഷേ എല്ലാം വളരെ സുഗമമായി നടന്നു.
- ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കാര്യങ്ങൾ ശരിക്കും മാറിയിട്ടുണ്ടോ?
അതെ കാര്യങ്ങൾ വളരെ മെച്ചപ്പെട്ടു. നമ്മൾ ഇന്ത്യക്കാരല്ല എന്നൊരു തോന്നൽ നേരത്തെയുണ്ടായിരുന്നു. ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടു, അന്യവൽക്കരണം കുറഞ്ഞു.