ഗോവ :ചലച്ചിത്ര പ്രേമികളുടെ അഭിരുചി മാറ്റിയെഴുതിയ ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ അമ്പത്തിനാലാം പതിപ്പിന് ഗോവയില്‍ ഇന്ന് തിരിതെളിയും. അരനൂറ്റാണ്ടിന്റെ അറിവും അനുഭവങ്ങലും ഇഴപിരിയാതെ വിളക്കിച്ചേര്‍ത്ത വെള്ളിത്തിരയില്‍ ലോകമെങ്ങുനിന്നുമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടും.
ഗോവ രാജ്യാന്തര ചലച്ചിത്രമേള ഖലാസി ഗാനത്തോടെയായിരുക്കും ആരംഭിക്കുക. തുടർന്ന് നാച്ച് പഞ്ചാബൻ, ശിവ്ബ ആംച മൽഹാരി എന്നിവയുൾപ്പെടെ മറ്റ് ഭാഷകളിൽ നിന്നുള്ള ഗാനങ്ങളും വേദിക്ക് നിറപ്പകിട്ടേകും.
ഷാരൂഖ് ഖാൻ ചിത്രത്തിലെ രണ്ട് ഗാനങ്ങളായ ഝൂമേ ജോ പത്താൻ, രാമയ്യ വസ്‌തവയ്യ, സാമി സാമിയും ഓസ്‌കാർ നേടിയ നാട്ടു നാട്ടു ഗാനത്തിന്‍റെ നൃത്താവിഷ്‌കാരവും നടി നുഷ്രത്ത് ബറൂച്ച അവതരിപ്പിക്കും. ശേഷം വേദിയിൽ സംവാദ പരിപാടിക്ക് തുടക്കമാകും.
തുടർന്ന് ഗാന്ധി ടോക്‌സിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ വിജയ് സേതുപതി സംസാരിക്കുകയും ശേഷം അല്ലു അർജുൻ ചിത്രം പുഷ്‌പ ദി റൈസിലെ ഓ ആന്തവാ, റോക്കി ഔർ റാണി കീ പ്രേം കഹാനിയിലെ ഷോ മീ ദി തുംക്കാ എന്നീ ഹിറ്റ് ഗാനങ്ങൾക്ക് ശ്രിയ ശരണ്‍ ചുവടുവെക്കും.
ഇതാദ്യമായി നടൻ പങ്കജ് ത്രിപാഠി ഐഎഫ്എഫ്‌ഐയുടെ ഉദ്‌ഘാടന ചടങ്ങിൽ ഉണ്ടാകുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. വിരാഫ് സർക്കാരി സംവിധാനം ചെയ്‌ത തന്‍റെ കടക് സിംങ് എന്ന ചിത്രത്തെ അവതരിപ്പിച്ച്കൊണ്ട് അദ്ദേഹം ഒരു കവിത ചൊല്ലുകയും ഇതിൽ ശ്രേയ ഘോഷാലും ശന്തനു മൊയ്‌ത്രയും ഭാഗമാവുകയും ചെയ്യും.
പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ ബോളിവുഡിലെ എക്കാലത്തേയും താരസുന്ദരി മാധുരി ദീക്ഷിതും ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കും. മാർ ദാല, ഡോലാരേ, ആജാ നച്ച് ലേ എന്നീ ക്ലാസിക്കൽ ഗാനങ്ങൾ അണിനിരത്തിയായിരിക്കും മാധുരി ദീക്ഷിതിന്‍റെ കലാവിരുന്ന്.
ഉദ്ഘാടന ചടങ്ങിലെ മറ്റൊരു ഹൈലൈറ്റ് നടൻ ഷാഹിദ് കപൂറും പിന്നണി ഗായകൻ സുഖ്‌വീന്ദർ സിംങുമാണ്. കാമിനേയിലെ ധൻ തേ നാ, ജബ് വി മെറ്റിലെ നഗദ നഗദ എന്നിവയുൾപ്പെടെയുളള തന്‍റെ എല്ലാ ഹിറ്റ് ഗാനങ്ങളുടെയും ഒരു മെഡ്‌ലി ഷാഹിദ് അവതരിപ്പിക്കുമ്പോൾ സുഖ്‌വീന്ദർ സിംഗ് 'ഏ വതൻ ഏ വതൻ' എന്ന തുടങ്ങുന്ന ഗാനത്തിലൂടെ രാജ്യസ്‌നേഹമുണർത്തുമെന്നാണ് സൂചന.
കൂടാതെ നടി സാറാ അലി ഖാൻ വേദി അനശ്വരമാക്കാൻ തിരിച്ചെത്തുകയും, ഗദർ 2ന്‍റെ വിജയത്തിന് ശേഷം സണ്ണി ഡിയോൾ ചലച്ചിത്രമേളയിൽ പങ്കെടുക്കും. നവംബർ 28-ന് സമാപിക്കുന്ന എട്ട് ദിവസത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ ബോളിവുഡ് അഭിനേതാക്കളുടെയും സംവിധായകരുടെയും ഗായകരുടെയും വമ്പൻ താരനിര തന്നെ അണിനിരക്കുമെന്നാണ് പ്രതീക്ഷ (Madhuri Dixit, Shahid Kapoor to enthrall audience in opening ceremony of IFFI Goa).