ന്യൂഡൽഹി: ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപന ചെയ്‌ത ആദ്യത്തെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പലായ ഐഎൻഎസ് സന്ധായക്, 40 വർഷത്തെ രാജ്യസേവനത്തിന് ശേഷം വെള്ളിയാഴ്‌ച പ്രവര്‍ത്തനം അവസാനിപ്പിക്കും. ഐഎൻഎസ് സന്ധായകിന്‍റെ നിർമാർജന ചടങ്ങ് വിശാഖപട്ടണം നേവൽ ഡോക്ക് യാർഡിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ ഇൻ-സ്റ്റേഷൻ ഉദ്യോഗസ്ഥരും നാവികരും മാത്രമാകും പങ്കെടുക്കുക.
രാജ്യത്തെ ആദ്യ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ
അന്നത്തെ ചീഫ് ഹൈഡ്രോഗ്രാഫർ റിയർ അഡ്‌മിറലും പത്മശ്രീ അവാർഡ് ജേതാവുമായ എഫ്.എൽ ഫ്രേസറാണ് ഇന്ത്യയിൽ ഹൈഡ്രോഗ്രാഫിക് സർവേ കപ്പലുകൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. തുടർന്ന് നാവിക ആസ്ഥാനം പദ്ധതിയ്‌ക്ക് അന്തിമരൂപം നൽകി. 1978ൽ കൊൽക്കത്തയിൽ കപ്പലിന്‍റെ നിർമാണം ആരംഭിച്ചു. 1981 ഫെബ്രുവരി 26നാണ് കപ്പൽ ഇന്ത്യൻ നാവികസേനയ്ക്ക് വൈസ് അഡ്‌മിറൽ എം.കെ. റോയ് കൈമാറുന്നത്. സന്ധായക് കമ്മിഷൻ ചെയ്‌തതോടെ ഉപദ്വീപിലെ ജലത്തിന്‍റെ പൂർണമായ ജലവൈദ്യുത കവറേജിന് ഇന്ത്യൻ നാവികസേന അടിത്തറ പാകി. കൂടാതെ ഇതിന്‍റെ രൂപകൽപനയുടെ വിജയം ഇന്ത്യൻ നാവികസേനയുടെ ഇതുവരെയുള്ള എല്ലാ സർവേ കപ്പലുകൾക്കും വിവിധ പരിഷ്‌കാരങ്ങൾക്ക് വഴിയൊരുക്കി.
സുപ്രധാന ഓപ്പറേഷനുകളിലും പങ്കാളി
കപ്പൽ നിയോഗിച്ച കാലയളവിനിടയിൽ രാജ്യത്തിന്‍റെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലും ആൻഡമാൻ കടലുകളിലും അയൽരാജ്യങ്ങളിലുമടക്കം ഏകദേശം 200 പ്രധാന ഹൈഡ്രോഗ്രാഫിക് സർവേകളും നിരവധി ചെറിയ സർവേകളും നടത്തിയിട്ടുണ്ട്. സർവേ ദൗത്യങ്ങൾക്കുപുറമെ 1987ൽ ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന സംരക്ഷണ സേനയെ സഹായിക്കുന്ന ഓപ്പറേഷന്‍ പവൻ, കൂടാതെ ഓപ്പറേഷൻ സരോംഗ്, ഓപ്പറേഷന്‍ റെയിൻബോ, ടൈഗർ-ട്രയംഫ് മുതലായ സുപ്രധാന യത്‌നങ്ങളിലും സന്ധായക് സജീവ പങ്കാളിയായിരുന്നു. 40 വർഷത്തിനിടെ 22 കമാൻഡിങ് ഓഫിസർമാർ കപ്പലിന്‍റെ ചുമതല നിർവഹിച്ചിട്ടുണ്ട്.
Also Read: ടോക്കിയോ ഒളിമ്പിക്‌സ്: തയ്യാറെടുപ്പ് അവലോകനം ചെയ്‌ത് പ്രധാനമന്ത്രി