മുംബൈ: മകൾ ഷീന ബോറ കശ്മീരിൽ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദവുമായി ഇന്ദ്രാണി മുഖർജി. സിബിഐക്ക് അയച്ച കത്തിലാണ് ഇന്ദ്രാണിയുടെ അവകാശവാദം. മകൾക്കായി കശ്മീരിൽ തെരച്ചിൽ നടത്തുന്നതിന് സിബിഐ ഇടപെടണമെന്നും ഷീന ബോറ കൊലക്കേസിലെ മുഖ്യപ്രതി കൂടിയായ ഇന്ദ്രാണി മുഖർജി കത്തിൽ ആവശ്യപ്പെട്ടു. ജയിലിൽ വച്ച് പരിചയപ്പെട്ട ഒരു സ്ത്രീയാണ് ഷീന ബോറയെ കശ്മീരിൽ വച്ച് കണ്ടതെന്നാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്.
ALSO READ:വിവാഹ പ്രായമായില്ലേ..! ചോദ്യം ഉന്നയിക്കാൻ വരട്ടെ, കേന്ദ്രനിയമം മാറി; തുല്യനീതി 43 വര്‍ഷത്തിന് ശേഷം
2012ലായിരുന്നു ഷീന ബോറ കൊലപാതകം നടന്നത്. വിവാഹപൂർവപ്രേമബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം റായ്ഗഡ് ജില്ലയിലെ വനാന്തർഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചു കളഞ്ഞു എന്നതാണ് ഇന്ദ്രാണി മുഖർജിക്കെതിരെയുള്ള കേസ്.
ഈ വധത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നു എന്നാരോപിച്ച് ഇന്ദ്രാണിയുടെ ഭർത്താവും, സ്റ്റാർ ഇന്ത്യ മേധാവിയുമായിരുന്ന പീറ്റർ മുഖർജിയയും പിന്നീട് അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചിരുന്നു. കേസിൽ 2015ൽ ജയിലിലായ ഇന്ദ്രാണി മുഖർജി മുംബൈയിലെ ബൈക്കുള ജയിലിലാണ് നിലവിൽ കഴിയുന്നത്.