ന്യൂഡൽഹി: രാജ്യത്ത് പ്രതിരോധ മേഖലയിൽ ഇറക്കുമതി കുറച്ച് തദ്ദേശീയതക്ക് ഊന്നൽ നൽകുന്നതാണ് നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് 2022. പ്രതിരോധ മൂലധന സംഭരണത്തിന്‍റെ 68 ശതമാനവും ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 58 ശതമാനം കൂടുതലാണിത്. ഇത് ശ്രദ്ധേയമായ വർധനവാണ്.
ഗവേഷണ-വികസന ബജറ്റിന്‍റെ നാലിലൊന്ന് സ്വകാര്യ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമികൾ എന്നിവയ്ക്കായി നീക്കിവയ്ക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. പ്രതിരോധ മേഖലയിലെ ഉൽപാദനത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ആധിപത്യത്തെ മറികടക്കുന്നതിനുള്ള തീരുമാനത്തിനൊപ്പം നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പല സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രോത്സാഹനമാകുന്നതാണ് ഈ ബജറ്റ്.
തദ്ദേശീയ വ്യവസായങ്ങൾക്കുള്ള ക്ലിയറൻസുകൾ വേഗത്തിലാക്കാൻ കഴിയുന്ന തരത്തിൽ നോഡൽ ബോഡി രൂപീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
സംയുക്ത വികസന സംവിധാനങ്ങളിൽ സ്വകാര്യ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഉദ്ദേശ്യ വാഹന (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ) മോഡൽ പ്രഖ്യാപിച്ചു. എസ്പിവി മാതൃകയിലൂടെ ഡിആർഡിഒയുമായും മറ്റ് ഓർഗനൈസേഷനുകളുമായും സഹകരിപ്പിച്ച് മിലിട്ടറി പ്ലാറ്റ്‌ഫോമുകളിലെ ഉപകരണങ്ങളുടെ നിർമാണത്തിൽ സ്വകാര്യമേഖലക്ക് പ്രോത്സാഹനം നൽകും.
മൊത്തം പ്രതിരോധമേഖലയിലെ ചെലവ് 2021-22ലെ 4.78 ലക്ഷം കോടിയിൽ നിന്ന് 2022-23ൽ 5.25 ലക്ഷം കോടി രൂപയായി വർധിച്ചു. 9.9 ശതമാനത്തിന്‍റെ വർധനവാണ് ഇത്. പുതിയ ആയുധങ്ങളും പ്ലാറ്റ്‌ഫോമുകളും വാങ്ങുന്നതിനായുള്ള ചെലവിലും വൻ വർധനവാണുള്ളത്. 2022-23 വിഹിതം കഴിഞ്ഞ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റായ 1,38,850 കോടിയിൽ നിന്ന് 9.7 ശതമാനം വർധിച്ച് 1,52,369 കോടി രൂപയായി.
പ്രതിരോധ മേഖലയിലെ പ്രഖ്യാപനത്തിന് പിന്നാലെ പദ്ധതികൾക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അംഗീകാരം നൽകി. പ്രതിരോധ മൂലധന സംഭരണ ബജറ്റിന്‍റെ 68 ശതമാനം പ്രാദേശിക സംഭരണത്തിനായി നീക്കിവച്ചിരിക്കുന്നു. ഇത് 'വോക്കൽ ഫോർ ലോക്കൽ' ആണെന്നും ഇത് ആഭ്യന്തര പ്രതിരോധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുമെന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചു. പ്രതിരോധ ഗവേഷണ വികസന ബജറ്റിന്‍റെ 25 ശതമാനം ഉപയോഗിച്ച് വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക് മേഖലകളിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രതിരോധ ഗവേഷണ രംഗത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
READ MORE: ക്രിപ്‌റ്റോ ടാക്‌സ്, ഇ-പാസ്‌പോർട്ട്; ബജറ്റ് ഒറ്റനോട്ടത്തിൽ