ഗ്വാളിയോർ (മധ്യപ്രദേശ്) : ഫേസ്ബുക്ക് സുഹൃത്ത് നസ്‌റുല്ലയെ കാണാൻ പാകിസ്ഥാനിലേക്ക് പോയി വിവാഹിതയായ യുവതിയെ ഫോണിൽ ബന്ധപ്പെട്ട് പിതാവ്. വീഡിയോ കോളിലൂടെയാണ് പിതാവ് ഗയ പ്രസാദ് തോമസ് അഞ്ജുവുമായി സംസാരിച്ചത്. മകളുടെ വാട്‌സ്ആപ്പിലേക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഗയ പ്രസാദ് മെസേജ് അയച്ചതിന് പിന്നാലെയാണ് ഇരുവരും വീഡിയോ കോളിലൂടെ 15 മിനിട്ടുകളോളം സംസാരിച്ചത്.
എന്തിനാണ് തങ്ങളോട് നുണ പറഞ്ഞ് പാകിസ്ഥാനിലേക്ക് പോയതെന്നും വിവാഹിതയായതെന്നും ഗയ പ്രസാദ് അഞ്ജുവിനോട് ചോദിച്ചു. എന്നാൽ അതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നായിരുന്നു അഞ്ജുവിന്‍റെ മറുപടി. 'തങ്ങളോട് കള്ളം പറഞ്ഞാണ് അവൾ പോയത്.അതിനാൽ അഞ്ജു ഞങ്ങളുടെ ഉള്ളിൽ മരിച്ചു'- പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വീഡിയോ കോൾ അവസാനിപ്പിച്ചതിന് പിന്നാലെ യുവതി പിതാവിന്‍റെ ഫോണിലേക്ക് മറ്റൊരു സന്ദേശം അയച്ചു.'ഞാൻ നിങ്ങളുടെ ഉള്ളിൽ മരിച്ചില്ലേ. അതിനാൽ എന്നെ വിളിക്കരുത്' - ഇങ്ങനെയായിരുന്നു അത്.
സുരക്ഷ ഏജൻസികളും ലോക്കൽ പൊലീസും അഞ്ജുവിന്‍റെ കുടുംബത്തെ നിരീക്ഷിച്ചുവരികയാണ്. പിതാവിന്‍റെ എല്ലാ രേഖകളും സുരക്ഷ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. കൂടാതെ ഗയ പ്രസാദിനെ സുരക്ഷ ഏജൻസികൾ ചോദ്യം ചെയ്‌തുവരികയുമാണ്. മകളുടെ പ്രവര്‍ത്തിയില്‍ ഗയ പ്രസാദ് ദുഃഖവും നിരാശയും പ്രകടിപ്പിച്ചിരുന്നു. തന്‍റെ മകൾ മരിച്ചതായി കണക്കാക്കുന്നു, തനിക്ക് ഇനി അവളോട് സംസാരിക്കാൻ താൽപ്പര്യമില്ലെന്നായിരുന്നു അഞ്ജുവിന്‍റെ അച്ഛൻ നേരത്തെ പ്രതികരിച്ചിരുന്നത്.
അഞ്ജു തങ്ങളുടെ പ്രദേശത്തിന് മാത്രമല്ല രാജ്യത്തിനാകെ അപകീർത്തി വരുത്തിയെന്ന് സംഭവത്തിൽ ചില ഗ്രാമവാസികള്‍ കുറ്റപ്പെടുത്തി. അഞ്ജുവിനെ ഗ്രാമത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ചിലര്‍ ഭീഷണി മുഴക്കിയിട്ടുമുണ്ട്. സംഭവത്തിൽ യുവതിയുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെങ്കിൽ അവരെ ഗ്രാമത്തിൽ നിന്ന് പുറത്താക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രണയം, വിവാഹം : ജൂലൈ 20നാണ് അഞ്ജു ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി വീടുവിട്ടിറങ്ങിയത്. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന പാകിസ്ഥാന്‍ പൗരന്‍ നസ്‌റുല്ലയെ തേടിയായിരുന്നു യുവതി ഇന്ത്യൻ അതിർത്തി വിട്ടത്. എന്നാല്‍ പാകിസ്ഥാനില്‍ എത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാൽ, യാത്രാരേഖകൾ പരിശോധിച്ച ശേഷം വിട്ടയച്ചു.
അതേസമയം, മാധ്യമ വാർത്തകളെ തുടർന്ന് രാജസ്ഥാൻ പൊലീസ് സംഘം അഞ്ജുവിനെ കുറിച്ച് അന്വേഷിക്കാനായി ഭിവാഡിയിലെ അവരുടെ വീട്ടിൽ എത്തിയിരുന്നു. നസ്‌റുല്ലയുടെയും അഞ്ജുവിന്‍റെയും വിവാഹം ജൂലൈ 25 ന് നടന്നു. അഞ്‌ജു ഇസ്‌ലാം മതം സ്വീകരിച്ച്, ഫാത്തിമ എന്ന പേരിലാണ് നിക്കാഹ് നടന്നതെന്ന് അപ്പർ ദിർ ജില്ലയിലെ മൊഹറർ സിറ്റി പൊലീസ് സ്‌റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് വഹാബിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
നസ്‌റുല്ലയുടെ കുടുംബാംഗങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിൽ ഇരുവരും അപ്പർ ദിറിലെ കോടതിയിൽ ഹാജരാവുകയും ചെയ്‌തു. ഇരുവരുടെയും വിവാഹം മലാകണ്ഡ് ഡിവിഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ നാസിർ മെഹ്മൂദ് സട്ടി സ്ഥിരീകരിച്ചു. സ്വന്തം ഇഷ്‌ടപ്രകാരമാണ് നിക്കാഹിനുള്ള കടലാസില്‍ ഒപ്പിട്ടതെന്ന് അഞ്ജു മൊഴി നൽകി.