മുംബൈ : സാമ്പത്തിക വളര്‍ച്ചയ്‌ക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ആഗോള സാഹചര്യങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. പ്രധാനപ്പെട്ട ഓഹരി സൂചികകളായ സെന്‍സെക്‌സ് 701 പോയിന്‍റും (1.28 ശതമാനം) നിഫ്റ്റി 192 പോയിന്‍റും(1.17ശതമാനം) ഇടിഞ്ഞു.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടുമെന്ന ആശങ്കയില്‍ യുഎസ് ഓഹരി വിപണി ഇടിഞ്ഞിരുന്നു. ഇതിന്‍റെ പ്രതിഫലനം ഏഷ്യന്‍ ഓഹരി വിപണികളിലും ഉണ്ടായി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ചൈനയിലെ ഷാങ്കായില്‍ ഏര്‍പ്പെടുത്തിയ ലോക്‌ഡൗണ്‍, ആഗോള സാമ്പത്തിക വളര്‍ച്ച മുരടിക്കുമെന്ന ആശങ്ക, റഷ്യ യുക്രൈനെതിരായി യുദ്ധം ശക്തിപ്പെടുത്തുമെന്ന ഭീതി എന്നിവയാണ് നിക്ഷേപകരെ അലട്ടുന്നത്.
മിഡ് ക്യാപ് സ്മോള്‍ ക്യാപ്പ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചത്. മിഡ് ക്യാപ് ഓഹരികളുടെ സൂചികയായ നിഫ്റ്റി മിഡ് ക്യാപ് 100 1.63 ശതമാനം ഇടിഞ്ഞു. സ്‌മാള്‍ ക്യാപ് ഓഹരികളുടെ സൂചികയായ നിഫ്റ്റി സ്‌മോള്‍ ക്യാപ് 100 1.74 ശതമാനവും ഇടിഞ്ഞു.
നാഷണല്‍ സ്റ്റോക് എക്‌സ്ചേഞ്ച് പട്ടികപ്പെടുത്തിയ 15 വിഭാഗങ്ങളിലെ ഓഹരി സൂചികകള്‍ക്ക് ഇടിവ് സംഭവിച്ചു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, നിഫ്റ്റി ഐടി എന്നിവ 1.82 ശതമാനം, 1.81 ശതമാനം, 1.72 ശതമാനം എന്നീക്രമത്തിലാണ് തകര്‍ച്ച നേരിട്ടത്.
ടെക് മഹീന്ദ്രയുടെ ഓഹരിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്. കമ്പനിയുടെ ഓഹരിക്ക് 4.53 ശതമാനം ഇടിവ് സംഭവിച്ച് 1,232.25 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ഹിന്‍ഡാല്‍കോ, ഇന്‍ഡ്‌സ്ഇന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ് ഏക്‌സിസ് ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ക്കും വലിയ തകര്‍ച്ച സംഭവിച്ചു. ബോംബെ ഓഹരി വിപണിയില്‍ 890 ഓഹരികള്‍ നഷ്ടത്തിലും 782 ഓഹരികള്‍ ലാഭത്തിലുമാണ് വ്യാപാരം നടത്തുന്നത്.