ഗാന്ധിനഗർ: ഇറാനിലെ അബ്ബാസ് തുറമുഖത്ത് യുവ നാവികൻ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ആറുമാസമായി ഇറാനിയൻ തുറമുഖത്ത് കുടുങ്ങിക്കിടക്കുന്ന കപ്പലിൽ ഇവരുൾപ്പെടെ ആകെ 19 പേരാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചുകൊണ്ട് രാജ്യസഭാംഗം മൻസുഖ് മണ്ടാവിയ അടുത്തിടെ കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നു.
എം.വി ഐസ്‌ദിഹാർ എന്ന ചരക്ക് കപ്പലാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. മറൈൻ എഞ്ചിനീയറും ഗുജറാത്ത് ഭാവ്‌നഗർ സ്വദേശിയുമായ ധ്യേയ് ഹാൽവാഡിയ തങ്ങളെ സ്വദേശത്തേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കപ്പൽ ഉടമയും ഒരു ഏജന്‍റും തമ്മിലുള്ള സാമ്പത്തിക സംഘർഷത്തെത്തുടർന്നാണ് ക്രൂ അംഗങ്ങൾ കപ്പലിൽ കുടുങ്ങിക്കിടക്കുന്നതെന്ന് വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തി. ഇവർ ഭക്ഷണവും വെള്ളവും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും വീഡിയോയിൽ പറയുന്നു.