ന്യൂഡൽഹി : കൊവിഡ് വെല്ലുവിളികൾക്കിടയിലും ചരക്ക് കൈമാറ്റ വരുമാനത്തില്‍ റെക്കോര്‍ഡ് കുതിപ്പുമായി ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റ് മാസം 110.55 ദശലക്ഷം ടൺ ചരക്കുനീക്കമാണ് ഇന്ത്യൻ റെയിൽവേ നടത്തിയത്. ഇത് 2020 ഓഗസ്റ്റിലെ കണക്കിനെ അപേക്ഷിച്ച് 16.87 % (94.59 ദശലക്ഷം ടൺ) കൂടുതലാണ്.
കൂടാതെ ഈ വർഷം ചരക്ക് കൈമാറ്റത്തിൽ റെയിൽവേയ്‌ക്ക് 10,866.20 കോടി രൂപയുടെ നേട്ടമാണുണ്ടായിരിക്കുന്നത്. ഇത് 2020 ഓഗസ്റ്റിനെ അപേക്ഷിച്ച് 20.16 % (9,043.44 കോടി) കൂടുതലാണ്.
47.94 ദശലക്ഷം ടൺ കൽക്കരി, 13.53 ദശലക്ഷം ടൺ ഇരുമ്പയിര്, 5.77 ദശലക്ഷം ടൺ പിഗ് അയൺ, ഫിനിഷ്‌ഡ് സ്റ്റീൽ, 6.88 ദശലക്ഷം ടൺ ഭക്ഷ്യ ധാന്യങ്ങൾ, 4.16 ദശലക്ഷം ടൺ രാസവളങ്ങൾ, 3.60 ദശലക്ഷം ടൺ മിനറൽ ഓയിൽ, 6.3 ദശലക്ഷം ടൺ സിമന്‍റ്, 4.51 ദശലക്ഷം ടൺ ക്ലിങ്കർ എന്നിവ ഈ വർഷം കൈമാറ്റം ചെയ്‌തവയില്‍ ഉള്‍പ്പെടും.
ചരക്ക് നീക്കം ആകർഷകമാക്കുന്നതിന് നിരവധി ഇളവുകളും ഇന്ത്യൻ റെയിൽവേ നൽകുന്നുണ്ട്. നിലവിലുള്ള നെറ്റ്‌വർക്കിൽ ചരക്ക് ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു. ഇത് ഉപഭോക്താക്കള്‍ക്ക് ചെലവ് ലാഭിക്കുന്നതിന് കാരണമായി. കഴിഞ്ഞ 19 മാസത്തിനിടെ ചരക്ക് ട്രെയിനുകളുടെ വേഗതയിൽ ഇരട്ടി വർധനവാണുണ്ടായത്.