ന്യൂഡൽഹി: അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ട്രെയിന്‍ യാത്രയ്‌ക്ക് മുതിര്‍ന്നവര്‍ക്കുള്ള അതേ ചാര്‍ജ് നല്‍കണമെന്നത് വ്യാജവാര്‍ത്തയെന്ന് റെയില്‍വേ മന്ത്രാലയം. കുട്ടികൾക്കുള്ള ടിക്കറ്റ് ബുക്കിങ് സംബന്ധിച്ചുള്ള നിയമത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ബുധനാഴ്ചയാണ് (ഓഗസ്റ്റ് 17) ഇതുസംബന്ധിച്ച് അധികൃതര്‍ വ്യക്തത വരുത്തിയത്. ഇതേ ദിവസം തന്നെയാണ് തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്ത പുറത്തുവന്നത്.
റെയിൽവേ മന്ത്രാലയം 2020 മാർച്ച് ആറിന് പുറപ്പെടുവിച്ച സർക്കുലറിലാണ് അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് പറയുന്നത്. എന്നാല്‍, പ്രത്യേക ബർത്തോ അല്ലെങ്കില്‍ ചെയർ കാറിൽ സീറ്റോ നല്‍കേണ്ടതില്ലെന്ന് അതിൽ പറയുന്നുണ്ട്. അതേസമയം, ബര്‍ത്തിലോ ചെയര്‍ കാറിലോ പ്രത്യേക സീറ്റ് വേണ്ടതുണ്ടെങ്കില്‍ പണം നല്‍കണമെന്നാണ് ഔദ്യോഗികമായി റെയില്‍വേ വ്യക്തമാക്കിയത്.
'വാർത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നത്': "ട്രെയിനിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക്, ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ ചട്ടം മാറ്റിയെന്ന് അവകാശപ്പെടുന്ന ചില മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയില്‍പ്പെട്ടു. ഈ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്, ഒരു വയസിനും നാല് വയസിനും ഇടയിലുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കേണ്ടി വരുമെന്നാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വാർത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്''.
''ട്രെയിനിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള ടിക്കറ്റ് ബുക്കിങുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ ഒരു മാറ്റവും വരുത്തിയിട്ടില്ല. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബർത്തോ ചെയര്‍ കാറോ പ്രത്യേകം വേണമെങ്കില്‍ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. എന്നാല്‍, പ്രത്യേക ബർത്ത് ആവശ്യമില്ലെങ്കിൽ അത് മുന്‍പുള്ളതുപോലെ സൗജന്യമായി തുടരും''. റെയിൽവേ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.