ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കപ്പല്‍ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യന്‍ നേവി ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് ഒഡിഷയിലെ ബാലസോറിലെ ഇന്‍റര്‍ഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. ഇന്ത്യന്‍ നേവി സീകിങ് ഹെലികോപ്‌റ്ററില്‍ നിന്ന് മിസൈല്‍ തൊടുത്തുവിടുന്നതിന്‍റെ വീഡിയോ നേവി പുറത്തുവിട്ടു.
മിസൈല്‍ സാങ്കേതിക വിദ്യയില്‍ സ്വയംപര്യാപ്‌തമാകുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് ഈ പരീക്ഷണമെന്ന് നേവി അധികൃതര്‍ വ്യക്തമാക്കി. ആയുധങ്ങളുടെ കൂടുതലായിട്ടുള്ള തദ്ദേശീയ വല്‍ക്കരണത്തില്‍ ഇന്ത്യന്‍ നേവി പ്രതിജ്ഞാബദ്ധമാണെന്നും നേവി അധികൃതര്‍ വ്യക്തമാക്കി.
ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലിന്‍റെ കപ്പല്‍ വേധ വേര്‍ഷന്‍റെ പരീക്ഷണം ഒരു മാസത്തിന് മുമ്പ് ഇന്ത്യന്‍ കരസേനയുടെ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡും സംയുക്തമായി നടത്തിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ ശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തിവരികയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രണ്ട് മുന്‍നിര പടക്കപ്പലുകള്‍ ചൊവ്വാഴ്ച(17.05.2022) പുറത്തിറക്കിയിരുന്നു. ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് ഉദയഗിരി എന്നിവയാണ് മുംബൈയിലെ മസഗോണ്‍ ഡോക്‌സ് ലിമിറ്റഡില്‍ നിന്ന് പുറത്തിറക്കിയത്. പി15ബി ക്ലാസില്‍പെട്ട നാലാമത്തെ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറാണ് ഐഎന്‍എസ് സൂറത്ത്. അതേസമയം ഐഎന്‍എസ് ഉദയഗിരി പി17 എ ക്ലാസില്‍പെട്ട സ്റ്റെല്‍ത്ത് ഫ്രിഗേറ്റാണ്.