ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി പുതു സാങ്കേതിക വിദ്യ രൂപകൽപ്പന ചെയ്ത് ഇന്ത്യൻ നാവിക സേന. സതേൺ നേവൽ കമാൻഡ് ഡൈവിംഗ് സ്കൂളിലെ ലെഫ്റ്റനന്റ് കമാൻഡർ മായങ്ക് ശർമയാണ് പുതിയ ഓക്സിജൻ റീസൈക്ലിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്തത്. ഡൈവിംഗ് സ്കൂളിലെ ഉദ്യോഗസ്ഥർക്ക് ഓക്സിജൻ അനുബന്ധമേഖലയിലുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ഓക്സിജൻ റീസൈക്ലിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചതായും നേവി വൃത്തങ്ങൾ അറിയിച്ചു.
ഒരാൾ ഓക്സിജൻ നിലിണ്ടറിൽ നിന്നും ശ്വസിക്കുന്ന സമയത്ത് ചെറിയ ശതമാനം മാത്രമേ ശ്വാസകോശത്തിൽ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. ബാക്കി ഓക്സിജൻ ശരീരം ഉത്പാദിപ്പിക്കുന്ന കാർബൺഡൈഓക്സൈഡിനൊപ്പം അന്തരീക്ഷത്തിലേക്ക് പോവും എന്ന വസ്തുത നിലനിർത്തിയായിരുന്നു ഓക്സിജൻ റീസൈക്ലിംഗ് സിസ്റ്റം നിർമിച്ചത്. ഈ സംവിധാനത്തിലൂടെ നിലവിൽ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുടെ ആയുസ്സ് രണ്ടോ നാലോ ഇരട്ടിയായി ലഭിക്കുമെന്നാണ് ഇന്ത്യൻ നേവി അവകാശപ്പെടുന്നത്.
Also read: ഡല്‍ഹിയിലെ ഓക്സിജൻ വിതരണക്കാർ ഹാജരാകാൻ ഉത്തരവിട്ട് ഹൈക്കോടതി
ഏപ്രിൽ 22 ന് നിർമിച്ച ഓക്സിജൻ റീസൈക്ലിംഗ് സിസ്റ്റത്തിന്റെ ആദ്യത്തെ പൂർണ രൂപം ഐഎസ്ഒ-സാക്ഷ്യപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിന്നുള്ള നിരീക്ഷകരുടെ സാനിധ്യത്തിൽ ഇതിനോടകം നിരവധി പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. 10,000 രൂപ ചെലവിൽ നിര്‍മിച്ച ഓക്സിജൻ റീസൈക്ലിംഗ് സിസ്റ്റം പ്രതിമാസം 3,000 രൂപവരെ ലാഭം നേടി തരുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് നിലവിലുള്ള ഓക്സിജൻ ശേഷി ഗണ്യമായി വർധിപ്പിക്കുന്നതിനൊപ്പം ഉയർന്ന ഉയരത്തിലുള്ള പർവതാരോഹകർ, സൈനികർ എന്നിവർ ഉപയോഗിക്കുന്ന ഓക്സിജൻ സിലിണ്ടറുകളുടെ ആയുസ്സ് വർധിപ്പിക്കുന്നതിനും ഒആർഎസ് ഉപയോഗിക്കാം.