ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യം അനുഭവിക്കുന്ന ഓക്സിജൻ ക്ഷാമത്തെ നേരിടുന്നതിന് ഓക്സിജൻ റീസൈക്ലിങ് സിസ്റ്റം രൂപകൽപ്പന ചെയ്ത് ഇന്ത്യൻ നാവികസേനയുടെ സതേൺ നേവൽ കമാൻഡിലെ ഡൈവിങ് സ്കൂൾ. ഡൈവിംഗ് സ്കൂളിലെ ലെഫ്റ്റനന്‍റ് കമാൻഡർ മായങ്ക് ശർമ്മ രൂപകൽപ്പന ചെയ്ത ഓക്സിജൻ റീസൈക്ലിങ് സിസ്റ്റത്തിന്‍റെ രൂപകൽപ്പനയ്ക്ക് പേറ്റന്‍റ് ലഭിച്ചു.
ഡൈവിങ് സെറ്റുകളിൽ ഉപയോഗിക്കുന്ന ചില അടിസ്ഥാന ആശയങ്ങളിലൂന്നിയാണ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാർച്ച് ആറിന് കെവാഡിയയിൽ നടന്ന സംയോജിത കമാൻഡേഴ്‌സ് കോൺഫറൻസിൽ സിസ്റ്റത്തിന്‍റെ ചെറു മാതൃക പ്രധാനമന്ത്രിക്ക് കാണിച്ചുകൊടുത്തിരുന്നു.
ശ്വസിക്കുന്ന ഓക്സിജന്‍റെ ചെറിയ ശതമാനം മാത്രമേ ശ്വാസകോശം ആഗിരണം ചെയ്യപ്പെടുന്നുള്ളുവെന്നും ശേഷിക്കുന്ന ഓക്സിജൻ കാർബൺ ഡൈ ഓക്സൈഡിനൊപ്പം അന്തരീക്ഷത്തിലേക്ക് കലരുകയാണെന്ന വസ്തുത ഉപയോഗിച്ച് മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുടെ നിലവിലുള്ള ആയുസ് രണ്ടോ നാലോ തവണയാക്കി വർധിപ്പിക്കുന്ന രീതിയിലാണ് ഓക്സിജൻ റീസൈക്ലിങ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓക്സിജൻ റീസൈക്ലിങ് സിസ്റ്റത്തിന്‍റെ ആദ്യത്തെ പൂർണമായ മാതൃക ഏപ്രിൽ 22 നാണ് നിർമിച്ചത്.
നീതി ആയോഗിന്‍റെ നിർദ്ദേശപ്രകാരം ശ്രീ ചിത്ര തിരുനാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ വിദഗ്ധ സംഘം സിസ്റ്റം വിശദമായി വിലയിരുത്തുകയും ഓക്സിജൻ റീസൈക്ലിങ് സിസ്റ്റത്തിന്‍റെ ആശയവും രൂപകൽപ്പനയും പ്രായോഗികമാണെന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ വിദഗ്ധ സംഘം ചില അധിക പരിഷ്കാരങ്ങളും നിർദ്ദേശിച്ചു.
ഓക്സിജൻ പുനരുപയോഗം ചെയ്യുന്നതിനാൽ പ്രതിദിനം 3,000 രൂപ ലാഭിക്കാമെങ്കിലും സിസ്റ്റത്തിന്‍റെ മൊത്തത്തിലുള്ള ചെലവ് 10,000 രൂപയാണ്. രാജ്യത്ത് നിലവിലുള്ള ഓക്സിജൻ ശേഷി ഗണ്യമായി വർധിപ്പിക്കുന്നതിനൊപ്പം, പർവതാരോഹകരും സൈനികരും ഉപയോഗിക്കുന്ന ഓക്സിജൻ സിലിണ്ടറുകളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും എച്ച്‌എഡിആർ പ്രവർത്തനങ്ങൾക്കും നാവിക കപ്പലുകൾക്കും അന്തർവാഹിനികൾക്കും സിസ്റ്റം പ്രയോജനപ്പെടുത്താം.