2022 Cannes : 2022 കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ഒരുപിടി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആര്‍ മാധവന്‍റെ 'റോക്കട്രി- ദ നമ്പി ഇഫക്‌ട്' മുതല്‍ ജയരാജിന്‍റെ മലയാള സിനിമ 'നിറയെ തത്തകള്‍ ഉള്ള മരം' വരെ 75ാമത് കാനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 'റോക്കട്രി - ദ നമ്പി എഫക്‌ട്' പലൈസ് കെയില്‍ പ്രീമിയര്‍ ചെയ്യുമ്പോള്‍ മറ്റ് ചിത്രങ്ങള്‍ ഒളിമ്പിയ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
റോക്കട്രി - ദ നമ്പി എഫക്‌ട് : ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞാന്‍ നമ്പി നാരായണന്‍റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'റോക്കട്രി- ദ നമ്പി ഇഫക്‌ട്'. മെയ് 19നാണ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ഷോ. തെന്നിന്ത്യന്‍ സൂപ്പര്‍ താരം മാധവനാണ് സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്നത്. മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നതും. കഥാപാത്രത്തിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും മേക്കോവറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗോദാവരി : നിഖില്‍ മഹാജന്‍ സംവിധാനം ചെയ്‌ത മറാത്തി ചിത്രം 'ഗോദാവരി' കാന്‍ ചലച്ചിത്ര മേളയില്‍ മാറ്റുരയ്ക്കും. മരണത്തെ നേരിടുന്ന ഒരു കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഗോദാവരി നദിയുടെ തീരത്തുള്ള നാസിക്കാണ് ചിത്രപശ്ചാത്തലം. 2021 ലെ വാൻകൂവർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും 'ഗോദാവരി'യുടെ വേൾഡ് പ്രീമിയർ ഉണ്ടായിരുന്നു.
ആൽഫ ബീറ്റ ഗാമ : ശങ്കർ ശ്രീകുമാര്‍ സംവിധാനം ചെയ്‌ത ബോളിവുഡ് ചിത്രമാണ് 'ആൽഫ ബീറ്റ ഗാമ'. ജയ് എന്ന സംവിധായകന്‍റെ ജീവിതമാണ് ചിത്രം പറയുന്നത്. ജയ് കാമുകി കൈറയുമായി ഒന്നിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രപശ്ചാത്തലം. അതേസമയം ജയ്‌യുടെ ഭാര്യ മിതാലി, അവനില്‍ നിന്നും വിവാഹമോചനം നേടാന്‍ ആഗ്രഹിക്കുന്നു. എഞ്ചിനീയറായ കാമുകന്‍ രവിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്നു.
Also Read: Cannes 2022 | കാന്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങാന്‍ റഹ്മാനും അക്ഷയ് കുമാറും
ബൂംബാ റൈഡ് : ബിശ്വജിത് ബോറ സംവിധാനം ചെയ്‌ത അസമീസ് ചിത്രമാണ് 'ബൂംബാ റൈഡ്'. ഇന്ത്യയിലെ ഗ്രാമീണ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അഴിമതിയുടെ ആക്ഷേപഹാസ്യത്തിലൂടെയുള്ള അവതരണമാണ് ചിത്രം. ഒരു യഥാര്‍ഥ കഥയെ ആസ്‌പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബ്രഹ്‌മപുത്ര നദിയുടെ തീരത്ത് അസമിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബൂംബ എന്ന് പേരുള്ള ഒരു വിദ്യാര്‍ഥി മാത്രമുള്ള ദരിദ്ര വിദ്യാലയത്തെ ചുറ്റിപ്പറ്റിയാണ് കഥ. എന്നാല്‍ ബൂംബയുടെ ആഗ്രഹം നഗരത്തിലെ മികച്ച സ്‌കൂളില്‍ ചേരണമെന്നാണ്.
ധുയിൻ : അചല്‍ മിശ്ര സംവിധാനം ചെയ്യുന്ന 'ധുയിനും' 2022 കാന്‍ ഫെസ്‌റ്റില്‍ മാറ്റുരയ്ക്കും. നഗരസഭയ്‌ക്ക് വേണ്ടി തെരുവ് നാടകങ്ങള്‍ നടത്തി ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന അഭിനേതാവിനെ കുറിച്ചുള്ള കഥയാണ് 'ധുയിന്‍'.
നിറയെ തത്തകള്‍ ഉള്ള മരം : മലയാള ചിത്രവും ഇക്കുറി കാന്‍ ഫിലിം ഫെസ്‌റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്യുന്ന 'നിറയെ തത്തകള്‍ ഉള്ള മരം' എന്ന സിനിമയ്‌ക്കാണ് ഈ വര്‍ഷം കാനില്‍ മാറ്റുരയ്‌ക്കാനുള്ള ഭാഗ്യം ലഭിച്ചത്. കായലില്‍ മീന്‍ പിടിക്കുന്നത് പോലെയുള്ള ചെറിയ ജോലികള്‍ ചെയ്‌ത് ഉപജീവനം നടത്തുന്ന പൂഞ്ഞന്‍ എന്ന എട്ട് വയസ്സുകാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. കുടിയനായ അച്ഛന്‍, മുത്തച്ഛന്‍, മുതു മുത്തച്ഛന്‍ എന്നിവര്‍ അടങ്ങുന്ന കുടുംബമാണ് പൂഞ്ഞന്‍റേത്. നവനീത് ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മാണം.
75th edition of Cannes Film Festival : മെയ് 17 മുതല്‍ മെയ് 28 വരെയാണ് 75ാമത് കാന്‍ ചലച്ചിത്ര മേള. മേളയ്‌ക്ക് മുന്നോടിയായി കൊവിഡ് 19 നിയന്ത്രങ്ങള്‍ നീക്കം ചെയ്യും. ഇത്തവണ മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല.