ന്യൂഡൽഹി : യുക്രൈനിലെ ഇന്ത്യൻ പൗരന്മാരോട് ശാന്തത പാലിക്കാനും നിലവിലുള്ള ഇടങ്ങളിൽ തന്നെ സുരക്ഷിതരായിരിക്കാനും നിര്‍ദേശിച്ച് ഇന്ത്യൻ എംബസി. യുക്രൈനിലെ വ്യോമപാത അടച്ചിട്ടിരിക്കുന്നതിനാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ബദൽ മാർഗങ്ങൾ ക്രമീകരിക്കുകയാണ്. രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്തേക്ക് ഇന്ത്യൻ പൗരന്മാർക്ക് താമസം മാറ്റാൻ കഴിയുന്ന തരത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായാലുടൻ വിവരങ്ങൾ അറിയിക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നുൾപ്പടെ കീവിലേക്ക് യാത്ര ചെയ്യുന്നവർ അതത് നഗരങ്ങളിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മടങ്ങണമെന്നും ഇന്ത്യൻ എംബസി പുറത്തുവിട്ട നിർദേശത്തിൽ പറയുന്നു. കണക്കുകൾ പ്രകാരം 15,000ഓളം ഇന്ത്യക്കാരാണ് നിലവിൽ യുക്രൈനിലുള്ളത്.
Also Read: വിദ്യാര്‍ഥികളെ തിരികെയെത്തിക്കുന്നതിന് മുൻഗണന: റഷ്യയുടെ യുക്രൈൻ ആക്രമണത്തില്‍ ഇന്ത്യ
യുക്രൈനിലെ സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും രാജ്യത്തെ ഇന്ത്യൻ പൗരന്മാരെ, പ്രത്യേകിച്ച് വിദ്യാർഥികളെ എങ്ങനെ സഹായിക്കാമെന്നതിനെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും ന്യൂഡൽഹിയിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്‍റെ കൺട്രോൾ റൂം വിപുലീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. വ്യോമാതിർത്തി അടച്ചതിനാൽ ഇന്ത്യൻ എംബസി ജീവനക്കാർ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക വിമാനം യുക്രൈനിലേക്ക് അയയ്‌ക്കാനുള്ള സാധ്യതയില്ല. അപകടസാധ്യത കണക്കിലെടുത്താണ് സിവിലിയൻ വിമാനങ്ങൾക്കുള്ള വ്യോമപാത യുക്രൈൻ അടച്ചത്.