ന്യൂഡല്‍ഹി: സൈബര്‍ ഭീകരരുടെ പുതിയ ലക്ഷ്യം ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൈറ്റുകളെന്ന് റിപ്പോര്‍ട്ട്. സിംഗപ്പൂർ ആസ്ഥാനമായുള്ള നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷന്‍ ഇന്‍റലിജന്‍സ്) നിര്‍മാണ കമ്പനിയായ ഡിജിറ്റൽ റിസ്‌ക് മാനേജ്‌മെന്‍റ് എന്റർപ്രൈസിന്‍റെ ക്ലൗഡ് എസ് ഇ കെ (CloudSEK)യുടെ ത്രെട്ട് റിസർച്ച് ആൻഡ് ഇൻഫർമേഷൻ അനലറ്റിക്സ് ഡിവിഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്. 'ആഗോള വിദ്യാഭ്യാസ മേഖല നേരിടുന്ന സൈബർ ഭീഷണികൾ" ( Cyber Threats Targeting the Global Education Sector) എന്ന തലക്കെട്ടോടെയാണ് റിപ്പോര്‍ട്ട്.
കൊവിഡാനന്തരം ലോകത്തെ പാഠ്യരീതികളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെയും ലേണിംഗ് ആപ്പുകളുടെയും വളര്‍ച്ച വളരെ വലുതായിരുന്നു. ഇതോടെയാണ് അക്രമികളും ഈ മേഖലയെ ലക്ഷ്യം വച്ചത്. 2021നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 2022ലെ ആദ്യ മൂന്ന് മാസത്തില്‍ 20 ശതമാന വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ക്ലൗഡ് എസ്‌ഇകെ പ്രധാമായും കണ്ടെത്തുന്നത് സൈബർ ഭീഷണികൾ, ഡാറ്റ ചോർച്ചകൾ, ബ്രാൻഡ് ഭീഷണികൾ, ഐഡന്റിറ്റി മോഷണങ്ങൾ എന്നിവയാണ്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ കണ്ടെത്തിയ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളില്‍ 50 ശതമാനത്തില്‍ കൂടുതലും ഇന്ത്യയിലെ ഓണ്‍ലൈന്‍ സൈറ്റുകളെ ലക്ഷ്യം വച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്.
ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൈറ്റുകളും ബൈജൂസ് പോലുള്ള ആപ്പുകളുമാണ് അക്രമികളുടെ ലക്ഷ്യം. തമിഴ്‌നാടിന്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ ആപ്പുകള്‍, കോഴിക്കോട് ഐഐഎമ്മിന്‍റെ ഓണ്‍ലൈന്‍ പഠന വിഭാഗം തുടങ്ങിയവയും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ലോകത്ത് ആക്രമണം നേരിടുന്ന അടുത്ത രാജ്യം യു.എസ്.എയാണ്. 19 സംഭവങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 86 ശതമാനവും വടക്കേ അമേരിക്കയിലാണ്. ഹോവാർഡ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലും ആക്രമണങ്ങളുണ്ടായി.
അതിനിടെ ഓണ്‍ലൈന്‍ വിദ്യഭ്യാസ വിപണി 2025-ഓടെ 7.3 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ ബുക്കുകളും സിലബസും കുട്ടികളുടെ വിവരങ്ങളും ഉള്‍പ്പെടെ ഓണ്‍ലൈനിലാണ് സൂക്ഷിക്കുന്നത്. ഇതാണ് ഹാക്കര്‍മാരെ കൂടുതലായും ആകര്‍ഷിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സൈബർ കുറ്റവാളികൾ സ്ഥാപനങ്ങളുടെ ഡാറ്റാബേസുകൾ, ആക്‌സസ്സ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറ്റ് വിവരങ്ങൾ സജീവമായി ചോർത്തുന്നുണ്ട്. ഡാറ്റാ ബേസുകളില്‍ പേര്, ജനനത്തീയതി, ഇമെയിൽ വിലാസം, ഫോൺ നമ്പർ, വിലാസം എന്നിവയുൾപ്പെടെ വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങളാണ് ചോര്‍ത്തുന്നത്.
പരീക്ഷാ സ്കോറുകളും വിദ്യാഭ്യാസ മേഖലയുടെ വലിപ്പവും, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്കൂളുകള്‍, രക്ഷിതാക്കളുടെ വിദ്യഭ്യാസം, ടീച്ചര്‍മാരുടെ അനുപാതം തുടങ്ങിയ വലിയ ഡാറ്റകളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത്.
Also Read: ഉത്തരകൊറിയൻ ഹാക്കിംഗ്; ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങൾക്ക് ഭീഷണി