ന്യൂഡല്‍ഹി: കാബൂളിൽ നിന്ന് മോചിതരായ ഇന്ത്യൻ പൗരർ സുരക്ഷിതരെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിച്ച 150ഓളം ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയതായുള്ള മാധ്യമറിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു പ്രതികരണം.
അഫ്‌ഗാനിൽ അകപ്പെട്ട ഇന്ത്യക്കാരിൽ ചിലരെ കാബൂൾ വിമാനത്താവളത്തിന് സമീപമുള്ള അജ്ഞാതമായ സ്ഥലത്തേക്ക് താലിബാൻ കൊണ്ടുപോയതായുള്ള വാർത്തകൾ രാജ്യത്ത് ഏറെ ആശങ്ക സൃഷ്‌ടിച്ചിരുന്നു. എന്നാൽ പിന്നീട് ഇവരെ മോചിപ്പിച്ചതായും കാബൂൾ വിമാനത്താവളത്തിലേക്ക് മടങ്ങിയതായുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.
read more: കാബൂളില്‍ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ വിമാനം പുറപ്പെട്ടു
അതേസമയം താലിബാൻ വക്താവ് അഹ്മദുല്ല വസീഖ് ഈ മാധ്യമറിപ്പോർട്ടുകൾ നിഷേധിച്ചിരുന്നു. ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്നും അവരെ സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം അറിയിച്ചു. നേരത്തേ അഫ്‌ഗാനിൽ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ സി-130ജെ വിമാനം പുറപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. താജിക്കിസ്ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.