ചണ്ഡീഗഡ്: അഗ്നിപഥ് പദ്ധതിയിൽ അടുത്ത വർഷം മുതൽ വനിതകളെയും ഉൾപ്പെടുത്തുമെന്ന് വ്യോമസേന മേധാവി എയർമാർഷൽ വിവേക് റാം ചൗധരി. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിവേക് റാം ചൗധരി. വ്യോമസേന ദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗ്നിപഥ് പദ്ധതിയിലൂടെ ഇന്ത്യൻ വ്യോമസേനയിലേക്ക് വ്യോമസേനാംഗങ്ങളെ ഉൾപ്പെടുത്തുന്നത് വെല്ലുവിളിയാണ്. എന്നാൽ അതിലും പ്രധാനമായി ഇന്ത്യൻ യുവത്വത്തിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്താനും അവ രാഷ്‌ട്ര സേവനത്തിന് ഉപയോഗപ്പെടുത്താനുമുള്ള അവസരമാണിതെന്ന് ചൗധരി പറഞ്ഞു.
വ്യോമസേനയിൽ പ്രവർത്തിക്കുന്നതിനുള്ള മതിയായ അറിവും വൈദഗ്‌ധ്യവും ഓരോ അഗ്നിവീറും സ്വന്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പരിശീലന രീതി മാറ്റി. ഈ വർഷം ഡിസംബറിൽ 3000 അഗ്നിവീരന്മാർക്ക് വ്യോമസേനയിൽ പ്രവേശനം നൽകും. വരുംവർഷങ്ങളിൽ ഇതിന്‍റെ എണ്ണം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎഎഫ് ഓഫിസർമാർക്കായി ആയുധങ്ങളുമായി ബന്ധപ്പെട്ട 'വെപ്പൺ സിസ്റ്റം ബ്രാഞ്ച്' രൂപീകരിക്കുന്നതിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതായി ചൗധരി അറിയിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഒരു പുതിയ പ്രവർത്തന ശാഖ രൂപീകരിക്കുന്നത്. വ്യോമസേനയ്ക്ക് അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. ബ്രാഞ്ച് രൂപീകരിക്കുന്നതിലൂടെ പറക്കൽ പരിശീലനത്തിനായുള്ള ചെലവ് കുറഞ്ഞതിനാൽ ചെലവിനത്തിൽ നിന്ന് 3,400 കോടി രൂപ ഇതിലൂടെ ലാഭിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമസേനയുടെ നവതി ആഘോഷങ്ങൾക്ക് ശനിയാഴ്‌ച സുഖ്‌ന തടാകത്തിൽ തുടക്കമായി. ഡൽഹി-എൻസിആറിന് പുറത്ത് ആദ്യമായാണ് വാർഷിക പരേഡും ഫ്ലൈ-പാസ്റ്റും നടക്കുന്നത്. പ്രതിരോധ മന്ത്രി രാഷ്‌ട്രപതി ഉൾപ്പെടെയുള്ളവർ പരേഡിൽ പങ്കെടുത്തു. അടുത്തിടെ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) 'പ്രചണ്ഡ്' ഉൾപ്പെടെ 80ഓളം സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും പങ്കെടുക്കുന്ന ഒരു മണിക്കൂർ നീണ്ട എയർ ഷോ സുഖ്‌ന തടാകത്തിൽ നടത്തും.