മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റിൽ 372 റണ്‍സിന്‍റെ കൂറ്റൻ വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ പരമ്പര (1-0) സ്വന്തമാക്കിയത്. നേരത്തെ കാൺപൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയായിരുന്നു.
540 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 167 റൺസിന് ഓൾഔട്ടായി. ആർ അശ്വൻ, ജയന്ത് യാദവ് എന്നിവരുടെ മിന്നും പ്രകടനമാണ് കിവികളെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ ഇരുവരും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി. റൺസ് അടിസ്ഥാനത്തില്‍ ഇന്ത്യൻ മണ്ണില്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ് വാങ്കഡെയില്‍ നേടിയത്.
60 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് കിവീസ് നിരയിലെ ടോപ് സ്കോറർ. രണ്ടാം ടെസ്റ്റിൽ തുടക്കം മുതൽ കിവീസിന് പിഴക്കുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിലെ എല്ലാ മേഖലയിലും ഇന്ത്യ ആധിപത്യം പുലർത്തിയതോടെ ആദ്യ ഇന്നിങ്സിൽ 62 റൺസിനും രണ്ടാം ഇന്നിങ്സിൽ 167 റണ്‍സിനും കിവിസ് ഓൾഔട്ടായി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്പിന്നർ അജാസ് പട്ടേൽ മാത്രമാണ് കിവിസ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്.
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 325 റൺസ് എടുത്തിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 276 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ന്യൂസിലൻഡിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റുമായി മികച്ച രീതിയില്‍ പന്തെറിഞ്ഞ മുഹമ്മദ് സിറാജിന്‍റെ പ്രകടനവും നിർണായകമായി.
ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും ( 150 ) രണ്ടാം ഇന്നിങ്‌സിൽ അർധ സെഞ്ച്വറിയും ( 62 ) സ്വന്തമാക്കിയ മായങ്ക് അഗർവാളിന്‍റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മായങ്ക് അഗർവാളാണ് കളിയിലെ കേമൻ. ആർ അശ്വിനാണ് പരമ്പരയുടെ താരം.
ഈ ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. പരിശീലകൻ എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്‍റെ ആദ്യ ടെസ്റ്റ് വിജയവും ടെസ്റ്റ് പരമ്പര വിജയവുമാണിത്.