ന്യൂഡല്‍ഹി: ബംഗ്ലാദേശിന് ഈദ് സമ്മാനമയച്ച് ചൈന. സിനോഫാർം വാക്സിനുകളാണ് ബംഗ്ലാദേശിനായി ചൈന കയറ്റിയയച്ചത്. സിനോഫാർം വാക്‌സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ശേഷം ചൈനയിൽ നിർമ്മിച്ച ഈ വാക്‌സിനുകളുടെ അഞ്ച് ലക്ഷം ഡോസുകളാണ് ബംഗ്ലാദേശിന് നല്‍കിയത്. ഇന്ത്യയിൽ നിന്ന് വാങ്ങാൻ ഉദ്ദേശിച്ച കൊവിഷീൽഡ് (അസ്ട്രാസെനെക) വാക്സിനുകൾ, ഇന്ത്യയിൽ കൊവിഡ് കേസുകൾ രൂക്ഷമാവുകയും, കടുത്ത വാക്സിൻ ക്ഷാമം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായതിനാൽ ചൈനയുടെ ചുവടുവെപ്പ് വളരെ പ്രധാനമാണ്. നയതന്ത്രപരമായ കാഴ്ചപ്പാടിൽ, ഇന്ത്യയും ചൈനയും തങ്ങളുടെ സ്വാധീനം വിപുലീകരിക്കാൻ ശ്രമിക്കുന്ന സ്ഥലമാണ് ധാക്ക.
ബംഗ്ലാദേശിന്‍റെ മനംമാറ്റം
കരാർ വാക്സിനുകൾ ബംഗ്ലാദേശിലേക്ക് വിതരണം ചെയ്യാൻ ഇന്ത്യക്ക് കഴിയാത്ത സാഹചര്യത്തെ ചൈന മുതലാക്കുകയായിരുന്നു. വാക്സിന്‍ ലഭിച്ചതിന് ശേഷം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ കെ അബ്ദുൾ മോമെൻ ചൈനക്ക് നന്ദി അറിയിച്ചു. ചൈനയിൽ നിന്ന് കൂടുതൽ വാക്സിൻ ഡോസുകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബംഗ്ലാദേശും, ചൈനയും മികച്ച ബന്ധം പുലര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ‘ക്വാഡ്’ ഗ്രൂപ്പിംഗിൽ അംഗമാകുന്നതിനെതിരെ ബംഗ്ലാദേശിന് മുന്നറിയിപ്പ് നൽകിയ ചൈനീസ് അംബാസഡർ ലിയുടെ പ്രസ്താവനയെ നിശിതമായി വിമർശിച്ച വിദേശകാര്യ മന്ത്രി മോമെൻ, മറ്റേതൊരു രാജ്യവുമായുള്ള സ്വന്തം ഗതി തീരുമാനിക്കാൻ ബംഗ്ലാദേശിന് സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞിരുന്നു. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവ ഉൾപ്പെടുന്ന ‘ക്വാഡ്’ ഗ്രൂപ്പ് പൊതുവെ ചൈന വിരുദ്ധ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു സഖ്യമായിട്ടാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ബംഗ്ലാദേശ് സഖ്യത്തില്‍ ചേര്‍ന്നാല്‍ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൈനീസ് അംബാസിഡര്‍ പറഞ്ഞിരുന്നു.
ഇന്ത്യയുടെ അവസ്ഥ
2021 ജനുവരി 16ന് രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചെങ്കിലും , ഇന്ത്യയുടെ ജനസംഖ്യയുടെ 2.5 ശതമാനം മാത്രമേ ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,37,03,665 ആയി. മരണസംഖ്യ 2,58,317 ആയി ഉയർന്നു. ഒറ്റ ദിനം 4,120 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. വാക്സിനുകളുടെ ക്ഷാമം കാരണം, മഹാരാഷ്ട്ര, കർണാടക, ദേശീയ തലസ്ഥാനമായ ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങൾ 2021 മെയ് 1ന് നിശ്ചയിച്ച 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവർക്ക് നല്‍കേണ്ട പ്രതിരോധ കുത്തിവയ്പ്പ് മാറ്റിവയ്‌ക്കേണ്ടി വന്നു. ഗ്രാമ പ്രദേശങ്ങളില്‍ കൊവിഡ് രൂക്ഷമാകുന്നു എന്നതാണ് നിലവില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്. വാക്സിന്‍ ക്ഷാമത്തിനൊപ്പം പെട്ടെന്നുള്ള കൊവിഡ് കുതിച്ചു ചാട്ടം രാജ്യത്തെ പ്രതികൂലമായി ബാധിച്ചു.