ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് മരണങ്ങളില്‍ വര്‍ധന. എന്നാല്‍ പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 67,597 പുതിയ കൊവിഡ് കേസുകളും 1,188 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട്ചെയ്തു. 733 മരണവും കേരളത്തില്‍ നിന്നാണ്.
സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള മാനദണ്ഡം പ്രകാരം മുന്‍പ് കൊവിഡ് മരണത്തിന്‍റെ ഗണത്തില്‍ പെടുത്താത്ത മരണങ്ങള്‍ കൊവിഡ് പട്ടികയില്‍ പെടുത്തിയതാണ് കേരളത്തെ മുന്നിലെത്തിച്ചത്. കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സ്കൂളുകള്‍ തുറന്നു. ഇന്നലെയാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെയായത്.
ഇപ്പോള്‍ രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 11,08,938 പേരാണ്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.25ശതമാനമാണ്. രാജ്യത്ത് ഇതുവരെ 5,02,874 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
അതേസമയം കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യുന്നതിന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, വോട്ടേഴ്സ് കാര്‍ഡ് തുടങ്ങിയ ഒമ്പത് അംഗീകൃത തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് വാക്സിന്‍ സ്വീകരിക്കുന്ന സമയത്ത് ഹാജരാക്കിയാല്‍ മതിയെന്നാണ് സുപ്രീംകോടതിയിലെ കേന്ദ്രസര്‍ക്കാരിന്‍റെ സത്യവാങ്മൂലം.
ALSO READ: പുതിയ വെളിപ്പെടുത്തല്‍; സ്വപ്‌നയെ ഇഡി വീണ്ടും ചോദ്യം ചെയ്യും