ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഐടി നിയമങ്ങള്‍ സാധാരണക്കാരായ ഉപയോക്താക്കളെ ശാക്തീകരിക്കാനാണെന്ന് ഐക്യരാഷ്‌ട്രസഭയില്‍ നിലപാട് അറിയിച്ച് ഇന്ത്യ. 2018 ൽ സിവിൽ സൊസൈറ്റിയുമായും മറ്റ് സ്റ്റേക്ക് ഹോള്‍ഡേഴ്‌സുമായും ചർച്ചകൾ നടത്തിയതിന് ശേഷമാണ് നിയമങ്ങള്‍ അന്തിമമാക്കിയതെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘം ( പെര്‍മനന്‍റ് മിഷന്‍) വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലെ സാധാരണക്കാരായ ഉപയോക്താക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗത്തിന് ഇരയായവർക്ക് അവരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഒരു ഫോറം ആവശ്യമാണ്. വിവിധ പങ്കാളികളുമായി ചർച്ചകള്‍ നടത്തിയ ശേഷമാണ് ഐടി നിയമങ്ങൾ അന്തിമമാക്കിയതെന്നും ഐക്യരാഷ്‌ട്രസഭയ്ക്ക് അയച്ച കത്തില്‍ ഇന്ത്യ വിശദീകരിച്ചു.
Read more: ഐടി നിയമം : ട്വിറ്ററിന് പാർലമെന്‍ററി സമിതിയുടെ സമൻസ്
മനുഷ്യവകാശ സമിതിയുടെ കത്ത്
പുതിയ ഐടി നിയമങ്ങള്‍ അന്താരാഷ്ട്ര മനുഷ്യവകാശ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി മനുഷ്യാവകാശ സമിതിയ്ക്ക് കീഴിലുള്ള സ്പെഷ്യല്‍ പ്രൊസിജ്യേഴ്‌സ് ബ്രാഞ്ചിലെ മൂന്ന് അംഗങ്ങള്‍ ജൂൺ 11 ന് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയം ഞായറാഴ്‌ച പ്രസ്‌താവന ഇറക്കിയത്.
വ്യക്തികൾ, സിവിൽ സൊസൈറ്റി, സംഘടനകള്‍ എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും വിവര പ്രക്ഷേപണ മന്ത്രാലയവും 2018 ല്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷം കരട് തയ്യാറാക്കാൻ പൊതു അഭിപ്രായങ്ങൾ ക്ഷണിച്ചതായും ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്ന് മന്ത്രിതല യോഗത്തില്‍ പൊതു അഭിപ്രായങ്ങളെ പറ്റി വിശദമായി ചർച്ച ചെയ്യുകയും അതിനനുസരിച്ച് നിയമങ്ങൾ അന്തിമമാക്കുകയും ചെയ്‌തു.
പുതിയ ഐടി നിയമങ്ങള്‍
ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങൾ, 2021 (ഇന്‍റര്‍മീഡിയറി മാർഗനിർദേശങ്ങള്‍, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) അഥവ പുതിയ ഐടി നിയമങ്ങളെ കുറിച്ച് ഈ വര്‍ഷം ഫെബ്രുവരി 25 ന് വിഞ്ജാപനം പുറത്തിറക്കിയെന്നും 2021 മെയ് 26 മുതല്‍ നിയമങ്ങള്‍ നിലവില്‍ വന്നുവെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. സ്വാകാര്യതയ്ക്കുള്ള വ്യക്തിയുടെ അവകാശത്തിന് അനുസൃതമായാണ് പുതിയ നിയമങ്ങളെന്നും ഇന്ത്യ വ്യക്തമാക്കി.
Read more: ഐടി നിയമം; കേന്ദ്രത്തിന് വഴങ്ങി ഗൂഗിള്‍