കാലിഫോർണിയ : 2005-2006 മുതൽ 2019-2021 വരെയുള്ള 15 വർഷത്തിനിടെ ഇന്ത്യയിൽ ആകെ 415 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി യുഎൻ. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്‍റ് പ്രോഗ്രാമും (യുഎൻഡിപി) ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് ഇനീഷ്യേറ്റീവും (ഒപിഎച്ച്ഐ) പുറത്തിറക്കിയ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയുടെ (എംപിഐ) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
ഇന്ത്യയുൾപ്പെടെ 25 രാജ്യങ്ങൾ 15 വർഷത്തിനിടെ അവരുടെ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക പകുതിയായി കുറച്ചു. ഇത് ഈ രാജ്യങ്ങൾ അതിവേഗം പുരോഗതി കൈവരിക്കുന്നു എന്നതാണ് വ്യക്‌തമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, മൊറോക്കോ, സെർബിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ വെറും 15 വർഷത്തിനിടെ ദാരിദ്ര്യത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15 വർഷത്തിനിടെ 415 ദശലക്ഷം ആളുകളാണ് ദാരിദ്ര്യ രേഖയിൽ നിന്ന് പുറത്തുകടന്നത്. 2005-2006 ൽ ഇന്ത്യയിൽ ഏകദേശം 645 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിലായിരുന്നു. എന്നാൽ ഇത് 2015-2016 ൽ ഏകദേശം 370 ദശലക്ഷമായും, 2019-2021 ൽ 230 ദശലക്ഷമായും കുറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിലും ദാരിദ്ര്യം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പിന്നാക്ക ജാതി വിഭാഗങ്ങളിലെ ജനങ്ങളും കുട്ടികളും ഉൾപ്പെടെ വേഗത്തിൽ സമ്പൂർണ പുരോഗതി കൈവരിച്ചു. 2005-2006 ൽ ഇന്ത്യയിലെ ബഹുമുഖ ദരിദ്രരും പോഷകാഹാര സൂചകത്തിന് കീഴിൽ ഇല്ലാത്തവരും 44.3 ശതമാനമായിരുന്നു.
എന്നാൽ ഇത് 2019-2021 ൽ 11.8 ശതമാനമായി കുറഞ്ഞു. ശിശുമരണ നിരക്ക് 4.5 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി കുറഞ്ഞു. പാചക വാതകം ഇല്ലാത്തവർ 52.9 ശതമാനത്തിൽ നിന്ന് 13.9 ശതമാനമായും, ശുചിത്വം നഷ്‌ടപ്പെട്ടവർ 2005-2006 ലെ 50.4 ശതമാനത്തിൽ നിന്ന് 2019/2021 ൽ 11.3 ശതമാനമായും കുറഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
ദാരിദ്ര്യം കൂടുതൽ ഗ്രാമീണ മേഖലയിൽ : 2023 ലെ റിപ്പോർട്ട് അനുസരിച്ച് 110 രാജ്യങ്ങളിലായി 6.1 ബില്യൺ ജനങ്ങളിൽ 1.1 ബില്യൺ (18 ശതമാനത്തിൽ കൂടുതൽ) പേർ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. സബ്-സഹാറൻ ആഫ്രിക്ക (534 ദശലക്ഷം), ദക്ഷിണേഷ്യ (389 ദശലക്ഷം) എന്നിവിടങ്ങളിൽ ഓരോ ആറിൽ അഞ്ച് പേരും ദരിദ്രരാണ്.
ദരിദ്രരിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും (730 ദശലക്ഷം ആളുകൾ) ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ജീവിക്കുന്നത്. 18 വയസിന് താഴെയുള്ള കുട്ടികളാണ് എംപിഐ-ദരിദ്രരിൽ പകുതിയും (566 ദശലക്ഷം). കുട്ടികളിലെ ദാരിദ്ര്യ നിരക്ക് 27.7 ശതമാനവും മുതിർന്നവരിൽ ഇത് 13.4 ശതമാനവുമാണ്. ദാരിദ്ര്യം പ്രധാനമായും ഗ്രാമീണ മേഖലകളെയാണ് ബാധിക്കുന്നത്. ദരിദ്രരിൽ 84 ശതമാനവും ഗ്രാമ പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൈനയെ മറികടന്ന് ഇന്ത്യ : യുഎൻ കണക്കുകൾ പ്രകാരം ഏപ്രിലിൽ ഇന്ത്യ ചൈനയെ മറികടന്ന് 142.86 കോടി ജനങ്ങളുമായി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയിരുന്നു. 2023 പകുതിയോടെ ആഗോള ജനസംഖ്യ 804.5 കോടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.