ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,310 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 82,67,623 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 490 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചതോടെ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,23,097 ആയി. രോഗബാധിതരിൽ 76 ലക്ഷത്തിലധികം പേരാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,323 പേർ കൂടി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 76,03,121 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ 5,41,405 പേരാണ് ചികിത്സയിൽ കഴിയുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത്. 1,19,352 പേരാണ് കൊവിഡ് ബാധിതരായി മഹാരാഷ്ട്രയില്‍ ഉള്ളത്. കർണാടകയിൽ 44,824 പേര്‍ക്കും ഡല്‍ഹിയിൽ 33,308 പേര്‍ക്കുമാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കുകൾ പ്രകാരം നവംബർ 2 ന് 10,46,247 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 11,17,89,350 സാമ്പിളുകളാണ് പരിശോധനക്കെത്തിയത്.