ന്യൂഡൽഹി : കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് ലഭിച്ച ആളുകളുടെ എണ്ണത്തിൽ ഇന്ത്യ അമേരിക്കയെ മറികടന്നതായി നിതി ആയോഗ് അംഗം ഡോ. വി കെ പോൾ. 17.2 കോടി പേർക്കാണ് ഇന്ത്യയിൽ ആദ്യ ഡോസ് വാക്സിൻ ലഭിച്ചത്. വാക്സിനേഷന്‍ പൂർണമായും എല്ലാവരിലും എത്തിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. അതിനാൽ തന്നെ ജനങ്ങൾ കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലെന്ന പോലെ ഉയർന്ന തോതിൽ രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും പോൾ കൂട്ടിച്ചേർത്തു.
ALSO READ: കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്രം
അതേസമയം രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. 100ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ തുടർച്ചയായി കുറവുണ്ടായിട്ടുണ്ട്. 377 ജില്ലകളിൽ നിലവിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് പോസിറ്റിവിറ്റിയെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് വ്യാഴാഴ്ചയെ അപേക്ഷിച്ച് വെള്ളിയാഴ്ച 1,790 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച 1,32,364 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,84,41,986 ആയി. തുടർച്ചയായ എട്ട് ദിവസങ്ങളിൽ രാജ്യത്ത് സജീവ കേസുകൾ 2 ലക്ഷത്തിൽ താഴെയാണ്.