ഹൈദരാബാദ്: ബിജെപിയെ നേരിടാൻ സർവ സന്നാഹങ്ങളുമൊരുക്കിയാണ് പ്രതിപക്ഷ പാർട്ടികൾ 'ഇന്ത്യ' സഖ്യത്തിന് രൂപം നല്‍കിയത്. പേരുകൊണ്ട് മാത്രമല്ല, ആദ്യഘട്ടത്തില്‍ നേതാക്കളുടെ ഐക്യവും ഒത്തൊരുമയും നിലപാടുകളും 'ഇന്ത്യ' സഖ്യത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ 2023 ജൂണ്‍ 23ന് പാറ്റ്നയിലും ജൂലൈ 17 -18 തീയതികളില്‍ ബെംഗളൂരുവിലും ആഗസ്ത് 31 സെപ്റ്റംബര്‍ 1 തീയതികളില്‍ മുംബൈയിലും നേതൃയോഗങ്ങള്‍ ചേർന്നു.
മുന്നണിയുടെ പേരും നയങ്ങളുമൊക്കെ ചർച്ച ചെയ്യുകയും വലിയ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ത്യ സഖ്യം മുന്നോട്ട് നീങ്ങിയത്. അതിനു മുന്നോടിയായി രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ത്യ സഖ്യത്തിന്‍റെ പ്രസക്തി വലുതായി.
തെലങ്കാനയും മധ്യപ്രദേശും തിരിച്ചുപിടിക്കുകയും ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും അധികാരം നിലനിർത്തുകയും ചെയ്യുക എന്നതായിരുന്നു ഇന്ത്യ സഖ്യത്തിലെ വല്യേട്ടനായ കോൺഗ്രസിന്‍റെ ലക്ഷ്യം. തെലങ്കാനയില്‍ ഇടതുപാർട്ടികളും മധ്യപ്രദേശില്‍ സമാജ്‌വാദി പാർട്ടിയും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും പ്രാദേശിക പാർട്ടികളും ഇന്ത്യ സഖ്യത്തിന്‍റെ പേരില്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാൻ കോൺഗ്രസുമായി ചർച്ചകൾ നടത്തി. എന്നാല്‍ സീറ്റ് നിർണയത്തിലെ തർക്കങ്ങൾ വലുതായതോടെ സമാജ്‌വാദി പാർട്ടിയും സിപിഎമ്മും യഥാക്രമം മധ്യപ്രദേശിലും തെലങ്കാനയിലും കോൺഗ്രസുമായി സഹകരിച്ചില്ല. ഫലമോ പേരിനു പോലും ഇന്ത്യ മുന്നണി എന്ന പേര് ഈ സംസ്ഥാനങ്ങളിലൊന്നും ചർച്ചയായില്ല.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപായി ദേശീയ തലത്തില്‍ ശക്തി തെളിയിക്കാനും ബിജെപിക്ക് യഥാർഥ ബദലുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൊണ്ട് കഴിയുമായിരുന്നു. തെലങ്കാനയില്‍ അധികാരത്തിലെത്താൻ കഴിഞ്ഞെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലും ജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന ഛത്തീസ്‌ഗഡിലും കോൺഗ്രസ് പരാജയമറിഞ്ഞു. മിക്ക മണ്ഡലങ്ങളിലും വോട്ടുകൾ ഭിന്നിച്ചതാണ് പരാജയകാരണമെന്ന വിലയിരുത്തലിലാണ് ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് ഇതര ഘടകകക്ഷികൾ.
തോറ്റപ്പോൾ തോന്നിയ വിവേകം: ഡിസംബർ മൂന്നിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡിസംബർ ആറിന് ഡല്‍ഹിയില്‍ ഇന്ത്യ മുന്നണി യോഗം വിളിച്ചു. തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനും ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനുമാണ് യോഗം എന്നാണ് ആദ്യ ഘട്ടത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രമുഖ സഖ്യകളാരും യോഗത്തിന് എത്തുന്നത് സംബന്ധിച്ച് ഉറപ്പുപറയാൻ തയ്യാറായില്ല. അതോടെ ഡല്‍ഹിയിലെ യോഗം അനിശ്‌ചിതത്വത്തിലായി.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും മാത്രമാണ് യോഗത്തിന് എത്തുമെന്ന് ഉറപ്പുപറഞ്ഞ പ്രമുഖ നേതാക്കൾ. യോഗത്തില്‍ പ്രമുഖ നേതാക്കൾ ആരും എത്തില്ലെന്ന് ഉറപ്പായതോടെ ഇത് ഔദ്യോഗിക യോഗമല്ലെന്നും പാർലമെന്‍റ് സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇന്ത്യ സഖ്യത്തിലെ പാർട്ടി നേതാക്കൾ അനൗപചാരികമായി യോഗം ചേരുകയാണെന്നും കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നുണ്ട്.
ചൊടിച്ച് നിതീഷ്: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ നേതൃയോഗത്തിനെത്തില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കി. പകരം പ്രതിനിധിയുണ്ടാകുമെന്നാണ് ജെഡിയു നേതൃത്വം അറിയിച്ചത്. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ നിതീഷ് അസംതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ ഇടതു പാര്‍ട്ടികള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത നിതീഷ് കുമാര്‍ കോണ്‍ഗ്രസിന് ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ആരോപിച്ചിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മധ്യപ്രദേശില്‍ ഇന്ത്യ മുന്നണിയുടെ റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് അവസാന നിമിഷം ഉപേക്ഷിച്ചത് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരുന്നു.
ബെംഗളൂരുവിലും മുംബൈയിലും നടന്ന ഇന്ത്യ മുന്നണിയുടെ നേതൃയോഗങ്ങളില്‍ പങ്കെടുത്ത നിതീഷ് കുമാര്‍ മുന്നണി ഘടക കക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജനം തീരുമാനിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാതെയാണ് കോണ്‍ഗ്രസ് അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതില്‍ നിതീഷ് അസ്വസ്ഥനായിരുന്നു. ഇന്ത്യ മുന്നണിയെ നയിക്കാന്‍ കെല്‍പ്പുള്ള നേതാവ് നിതീഷ് കുമാര്‍ മാത്രമാണെന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്ന ശേഷം ജെഡിയു നേതാവ് കെസി ത്യാഗി പ്രസ്താവിച്ചതും ഈ സാഹചര്യത്തിലാണ്.
അഖിലേഷ് കലിപ്പിലാണ് സോറനും: മധ്യപ്രദേശിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ സമാജ് വാദി പാര്‍ട്ടിയുമായി കോൺഗ്രസിന്‍റെ ബന്ധം വഷളായിരുന്നു. പിന്നാക്ക സമുദായക്കാര്‍ക്ക് വേണ്ടി അഞ്ച് സീറ്റ് മധ്യപ്രദേശില്‍ മല്‍സരിക്കാന്‍ ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒന്നു പോലും നല്‍കാന്‍ തയാറായില്ലെന്ന് എസ്‌പി നേതാക്കള്‍ ആരോപിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലുമൊക്കെ പിന്നാക്കക്കാര്‍ കോണ്‍ഗ്രസിന് എതിരാകാന്‍ ഇത് കാരണമായെന്നും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിന് കാരണം ഇതാണെന്നും എസ്‌പി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ നടത്തിയ അഖിലേഷ്- വഖിലേഷ് പരാമര്‍ശം കൂടിയായപ്പോൾ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഡല്‍ഹി യോഗത്തിനില്ലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഹേമന്ത് സോറനും പ്രഖ്യാപിച്ചിരുന്നു. മറ്റു തിരക്കുകളുള്ളതിനാല്‍ നേതൃയോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നാണ് ഹേമന്ത് സോറന്‍ പറഞ്ഞത്. ഇക്കാര്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസുമായി തര്‍ക്കങ്ങളില്ലെന്നും പാര്‍ട്ടി പ്രതിനിധി യോഗത്തില്‍ പങ്കെടുക്കുമെന്നുമാണ് ഹേമന്ത് സോറന്‍ പറഞ്ഞത്.
'മമതയില്ലാതെ' മമത ബാനർജി: തെലങ്കാനയിലൊഴികെ മറ്റെല്ലായിടത്തും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിന് കാരണം മുന്നണി മര്യാദകള്‍ക്ക് വഴങ്ങാന്‍ അവര്‍ തയാറാകാഞ്ഞതു കൊണ്ടാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. യോഗത്തെക്കുറിച്ച് ഒരറിയിപ്പും ലഭിച്ചില്ലെന്നാണ് മമത ബാനര്‍ജി പ്രതികരിച്ചത്.
'ഒന്നിനെ കുറിച്ചും ഒരു ഐഡിയയുമില്ല': വിവിധ സംസ്ഥാനങ്ങളില്‍ നേർക്കുനേർ പോരാടുന്ന പാർട്ടികളാണ് ഇന്ത്യ മുന്നണിയുടെ ഘടകകക്ഷികൾ. ഏതൊക്കെ സംസ്ഥാനങ്ങളില്‍ ഏതൊക്കെ പാർട്ടികളുമായി സീറ്റ് വിഭജനം നടത്തണം, നേർക്കുനേർ മത്സരിക്കുന്നത് ഒഴിവാക്കേണ്ടത് ഏതൊക്കെ സംസ്ഥാനങ്ങളില്‍ എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഇനിയും ചർച്ചകൾ ആരംഭിച്ചിട്ടില്ല.
മുന്നണിയുടെ കണ്‍വീനറാരെന്നോ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നോ ആർക്കും അഭിപ്രായം പോലും പറയാനാകില്ല. ഇന്ത്യ ബ്ലോക്ക് എന്ന പേരുമായി മുന്നണി യോഗങ്ങൾ ആരംഭിച്ചപ്പോഴുള്ള ആവേശം പോലും കെട്ടടങ്ങിയ സ്ഥിതിയാണ്.