ന്യൂയോർക്: ലിംഗസമത്വം, സ്‌ത്രീശാക്തീകരണം എന്നീ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ച് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി. ഇന്ത്യയിൽ എല്ലായിടത്തും സ്‌ത്രീക്കും പുരുഷനും തുല്യ പരിഗണനയും അവസരങ്ങളുമാണ് ലഭ്യമാകുന്നതെന്ന് സ്‌മൃതി ഇറാനി കൂട്ടിച്ചേർത്തു. യുഎൻ കമ്മീഷന്‍റെ 65ാമത് സെക്ഷന്‍റെ പൊതു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്കും സ്‌ത്രീകൾക്കുമായി തുല്യവും നീതിപൂർവകവുമായ ഒരു കൊവിഡാനന്തര ലോകം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു. വനിതാ വികസന മാതൃകയിൽ നിന്ന് വനിതാ നേതൃത്വ വികസനത്തിലേക്ക് ഇന്ത്യയെ മാറ്റിയത് നരേന്ദ്ര മോദി സർക്കാരാണെന്നും പ്രധാനമന്ത്രിയുടെ 'ആത്മനിഭർ ഭാരതി'ന്‍റെ യഥാർത്ഥ ലക്ഷ്യം രാജ്യം തിരിച്ചറിഞ്ഞതിൽ പ്രധാന പങ്കു വഹിക്കുന്നത് വനിതാ ഏജൻസിയും നേതൃത്വവുമാണെന്നും മന്ത്രി പ്രസ്‌താവിച്ചു.
സ്‌ത്രീകളുടെ സാമ്പത്തിക ഉൾപ്പെടുത്തൽ, തൊഴിലും സ്വയം തൊഴിലവസരങ്ങളും, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം മുതലായവ ഗണ്യമായി വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി മുൻനിര പരിപാടികൾ ഇന്ത്യയിൽ നടപ്പാക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലെ വനിതകൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ 1.37 ദശലക്ഷത്തിലധികം തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിതാ പ്രതിനിധികൾ കമ്മ്യൂണിറ്റി തലത്തിൽ തുല്യത ഉറപ്പാക്കുന്നതിനുള്ള പൊതു നയങ്ങൾ രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും നേതൃത്വം നൽകുന്നുവെന്നും സ്‌മൃതി ഇറാനി പറഞ്ഞു.
'പ്രധാൻ മന്ത്രി ജൻ ധൻ യോജന'യുടെ സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതിയിലൂടെ രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി 220 ദശലക്ഷത്തിലധികം ഇന്ത്യൻ സ്‌ത്രീകളെ ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവന്നു. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയിലൂടെ രാജ്യാന്തര തലത്തിൽ ലൈംഗിക അനുപാതം 16 പൊയിന്‍റ് വർധിപ്പിക്കാൻ സാധിച്ചെന്നും മാതൃമരണ അനുപാതം കുറഞ്ഞതായും അവർ സൂചിപ്പിച്ചു. കഴിഞ്ഞ 6 വർഷത്തിനിടെ ഇന്ത്യയിലെ സ്‌ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി നിരവധി സംഭാവന മോദി സർക്കാർ നൽകിയതായി കേന്ദ്രമന്ത്രി പറഞ്ഞു.