ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരെ സമാനതകളില്ലാതെ ചെറുത്ത് നില്‍പ്പാണ് രാജ്യം കാഴ്‌ചവെച്ചതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇന്ത്യയെ പോലെ ജനസാന്ദ്രത വളരെ കൂടിയ രാജ്യത്ത് നിരവധി തവണ വകഭേദങ്ങള്‍ സംഭവിച്ച കൊവിഡിനെ ചെറുക്കുക വളരെ പ്രയാസമുള്ള കാര്യമാണ് എന്നാല്‍ ജനങ്ങള്‍ വളരെ ശക്തമായാണ് കൊവിഡിനെ ചെറുത്ത് തോല്‍പ്പിച്ചതെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
73-മത് റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകം കൊവിഡിനെതിരെ പോരാടുകയാണ്. ഇതിനിടെ പതിനായിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. ആഗോളസമ്പദ് വ്യവസ്ഥയെയും കൊവിഡ് വലിയ രീതിയില്‍ ബാധിച്ചു.
എന്നാല്‍ രാജ്യത്തെ ആരോഗ്യ രംഗത്തെ മെച്ചപ്പെടുത്താന്‍ സാധിച്ചത് നേട്ടമായാണ് കാണുന്നത്. കൊവിഡ് വ്യാപനമുണ്ടായി ആദ്യ വര്‍ഷം രാജ്യത്ത് ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചു. രണ്ടാം വര്‍ഷം കൊവിഡിനെതിരെ രാജ്യം സ്വന്തമായി വാക്‌സിനും നിര്‍മിച്ചു. ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സാധിച്ചു.
Also Read:സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ; 55,475 പേര്‍ക്ക് കൊവിഡ്, 49.4% ടിപിആർ
അതേസമയം രോഗവ്യാപനം ഇപ്പോഴും തുടരുന്നതിനാല്‍ സുരക്ഷാ ക്രമീകരണത്തില്‍ വീഴ്‌ച വരുത്തരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. മാക്‌സ് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയെന്നത് ഓരോ പൗരന്മാരുടെയും ദൗത്യമായി കാണണമെന്നും റിപബ്ലിക് ദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.