ഹൈദരാബാദ്: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ഡ്രൈ റൺ ഇന്ന് നടത്തും. കോ-വിൻ ആപ്ലിക്കേഷന്‍റെ പ്രവർത്തന സാധ്യത വിലയിരുത്തുക, ആസൂത്രണവും നടപ്പാക്കലും പരിശോധിക്കുക, വെല്ലുവിളികൾ തിരിച്ചറിയുക, മുന്നോട്ടുള്ള വഴി നയിക്കുക എന്നിവയാണ് കൊവിഡ് വാക്സിൻ ഡ്രൈ റണ്ണിന്‍റെ ലക്ഷ്യം. 2020 ഡിസംബർ 20ന് മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും വാക്സിൻ വിതരണം നടക്കുക.
ഗുണഭോക്താക്കളുടെ ഡാറ്റ കോ-വിനിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുണഭോക്താക്കളുടെ ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതുൾപ്പെടെ കോവിൻ ആപ്ലിക്കേഷനിൽ ലഭ്യമാക്കേണ്ട വിവരങ്ങൾ തയ്യാറാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സ്ഥലത്തിന്റെ പര്യാപ്‌തത, ഇൻറർനെറ്റ് കണക്റ്റിവിറ്റി, വൈദ്യുതി, സുരക്ഷ എന്നിവയും പരിശോധിക്കും. വാക്സിൻ വിതരണം, സംഭരണം, കോൾഡ് ചെയിൻ മാനേജ്മെന്റ് ഉൾപ്പെടെയുള്ളവയുടെ നടത്തിപ്പിലും ഭരണകൂടത്തെ ഡ്രൈ റൺ സജ്ജമാക്കും. ഇതിനായി 96,000 വാക്‌സിനേറ്റർമാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനകം തന്നെ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല, ഗുജറാത്തിലെ ഗാന്ധിനഗർ, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗർ, അസമിലെ സോണിത്പൂർ, നൽബാരി ജില്ലകളിൽ കൊവിഡ് -19 വാക്സിനേഷൻ ഡ്രൈ റൺ നടത്തിയിട്ടുണ്ട്.