ന്യൂഡൽഹി: ആഗോള പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യയും ഫ്രാൻസും കൈകോർക്കുന്നു. സുസ്ഥിര വികസനത്തിൽ രണ്ട് രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ആഗോള പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഫ്രഞ്ച് പരിസ്ഥിതി പരിവർത്തന മന്ത്രി ബാർബറ പോംപിലി ഇന്ത്യയിലെത്തി. അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് ബാർബറ പോംപിലി ഇന്ത്യയിലെത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും ഫ്രഞ്ച് പരിസ്ഥിതി പരിവർത്തന മന്ത്രി ബാർബറ പോംപിലിയും ഇന്തോ-ഫ്രഞ്ച് പരിസ്ഥിതി വർഷത്തിന് തുടക്കം കുറിച്ചു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സഖ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച അന്താരാഷ്‌ട്ര സൗരോർജ സഖ്യത്തിന്‍റെ രണ്ട് പ്രധാന ഘടകങ്ങളാണ് ഇരു രാജ്യങ്ങളും. ആഗോള പരിസ്ഥിതി സംരക്ഷണത്തിനുള്ള ഈ പങ്കാളിത്തം മറ്റ് രാജ്യങ്ങൾക്ക് സുസ്ഥിര വികസനത്തിനായി ഫലപ്രദമായി പ്രവർത്തിക്കാൻ ഒരു മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഫ്രാൻസും ലോകത്തിനുമുന്നിൽ ഒരു മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പോംപിലി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര നഗര വികസനം, പുനരുപയോഗ ഊർജ വികസനം, ഊർജ കാര്യക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് ഇന്തോ-ഫ്രഞ്ച് പരിസ്ഥിതി വർഷത്തിന് തുടക്കം കുറിച്ചത്. സ്‌മാർട്ട് സിറ്റികൾ, ജലം, മാലിന്യ നിർമാർജനം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായി പോംപിലി കൂടുതൽ ചർച്ച നടത്തും.