ന്യൂഡല്‍ഹി: രാജ്യം തീവ്രവാദം, കടന്നു കയറ്റം തുടങ്ങിയ വെല്ലുവിളികള്‍ക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 75ാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു വിഭജനമെന്നും ജനങ്ങള്‍ നേരിട്ട കഷ്‌ടപ്പാടുകളേയും ത്യാഗത്തേയും ആദരിക്കുന്നതിന്‍റെ ഭാഗമായി ഓഗസ്റ്റ് 14 വിഭജന ഭീതി സ്‌മരണ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച പ്രധാനമന്ത്രി പ്രാദേശിക ഭാഷയ്ക്ക് ഊന്നല്‍ നല്‍കുമെന്നും വ്യക്തമാക്കി.
ഹരിത ഹൈഡ്രജന്‍റെ ഉത്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ ഹൈഡ്രജന്‍ മിഷന്‍ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജ്ജ ഉത്പാദനത്തില്‍ രാജ്യം സ്വയം പര്യാപ്‌തമാണെന്ന് ഉറപ്പ് വരുത്തണം. ഹരിത ഹൈഡ്രജന്‍റെ പുതിയ ആഗോള ഹബ്വാക്കി ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച്, 75 ആഴ്‌ചകളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 75 വന്ദേ ഭാരത് ട്രെയിനുകളും മോദി പ്രഖ്യാപിച്ചു. റെയില്‍വേയുമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ ഉടന്‍ ബന്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read more: ആത്മനിർഭർ ഭാരത് സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിൽ: പ്രധാനമന്ത്രി