ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,233 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. ചൊവ്വാഴ്‌ച (ജൂൺ 07) മാത്രം 3,714 പുതിയ കൊവിഡ് കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്.
3,345 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെ രുഗമുക്തരായവരുടെ എണ്ണം 4,26,36,710 ആയി. നിലവിൽ രാജ്യത്തെ ആകെ സജീവ രോഗികളുടെ എണ്ണം 28,857 ആണ്. ഇത് ആകെ കൊവിഡ് ബാധയുടെ 0.07 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 1,881 കേസുകളുടെ വർധനവാണ് സജീവരോഗികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.12 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തി നിരക്ക് 98.72 ശതമാനമായപ്പോൾ മരണനിരക്ക് 1.21 ശതമാനം രേഖപ്പെടുത്തി. രാജ്യവ്യാപകമായി വിതരണം ചെയ്‌ത ആകെ കൊവിഡ് വാക്‌സിൻ ഡോസുകളുടെ എണ്ണം 194.43 കോടി കവിഞ്ഞു.