ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം സര്‍വകാല റെക്കോഡിലേക്ക്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 3,293 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 2,01,187 ആയി. ആകെ മരണ സംഖ്യയില്‍ ഇന്ത്യ ഇതോടെ നാലാം സ്ഥാനത്ത് എത്തി. അമേരിക്ക, ബ്രസീൽ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രാജ്യത്ത് കൊവിഡിന്‍റെ രണ്ടാംതരംഗം അതിതീവ്രമായി വ്യാപിക്കുന്നതിനിടെ 150 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന് ആരോഗ്യമന്ത്രാലയം കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
അതേസമയം കൊവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി ഏഴാം ദിവസം മൂന്ന് ലക്ഷം കവിഞ്ഞു തന്നെ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്കാണ് കഴിഞ്ഞ ഒരാഴ്‌ചയായി രാജ്യത്ത് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് പുറത്ത് വന്ന കണക്ക് പ്രകാരം ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 3,60,960 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,79,97,267 ആയി ഉയർന്നു.
രാജ്യത്ത് ആകെ രോഗമുക്തി നേടിയവർ 1,48,17,371 ആണ്. 2,61,162 പേർ പുതിയതായി രോഗമുക്തി നേടി. 29,78,709 പേരാണ് ചികിത്സയിൽ തുടരുന്നത്. ആകെ 28,27,03,789 പരിശോധനകൾ നടത്തിയതായി ഐസിഎംആർ അറിയിച്ചു. 17,23,912 പരിശോധനകളാണ് പുതിയതായി നടത്തിയത്. ഇതുവരെ 14,78,27,367 കോടിയിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.