ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിരക്കിൽ. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു. 478 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ പതിനേഴിന് 97,894 കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രാജ്യത്ത് കൊവിഡ് ബാധിച്ചവരില്‍ പകുതിയിലധികവും മഹാരാഷ്ട്രയിലാണ്. 57,074 രോഗികള്‍. 222 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്.
ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം കടന്നു. ആകെ മരണസംഖ്യ 1.65 ലക്ഷമായി ഉയര്‍ന്നു. കണക്കുകള്‍ പ്രകാരം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തവരില്‍ പകുതിയിലേറെ പേരും മഹാരാഷ്ട്രയിലാണ്.
കൊവിഡ് രൂക്ഷമായ മഹരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു. രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം പുരോഗമിക്കുമ്പോൾ തന്നെ കൊവിഡ് കേസുകൾ കുത്തനെ കൂടുന്ന സാഹചര്യം കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്കിടയിൽ വൻ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, ചത്തീസ്ഗഢ്, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. പുതിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്‍റെ വ്യാപനമാണ് രാജ്യത്തെ പുതിയ കൊവിഡ് തരംഗത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം, മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ ഇന്ന് മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടൽ, റസ്റ്റോറന്‍റ്, ബാർ, പാർക്ക് എന്നിവ അടഞ്ഞ് കിടക്കും. അതോടൊപ്പം ഇന്ന് രാത്രി 8 മണി മുതൽ 7 മണി വരെ രാത്രി കാല കർഫ്യൂവും ഏർപ്പെടുത്തി. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണും മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. മുംബൈയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെയാണ് നിരോധനാജ്ഞ. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ കൊവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.