ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചിച്ച് ഇന്നേയ്‌ക്ക് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ നിറവിലാണ് രാജ്യം ഇന്ന്. ബ്രിട്ടീഷ് സമ്രാജ്യത്വത്തിന്‍റെ അടിമച്ചങ്ങല പൊട്ടിച്ച് രാജ്യം സ്വാതന്ത്ര്യത്തിലേയ്‌ക്ക് ചുവടുവച്ചതിന്‍റെ ഓര്‍മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15ഉം.
സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരും യാതനകള്‍ സഹിച്ചവരുമായ മുഴുവന്‍ സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ധീരതയും ഓര്‍മിപ്പിക്കുക കൂടിയാണ് ഈ ദിനം. ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഒന്‍പതാം തവണയാണ് നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത് എന്നതും ഇത്തവണ ശ്രദ്ധേയമാണ്.
നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടും പ്രതിരോധ മന്ത്രാലയവും സാംസ്‌കാരിക മന്ത്രാലവും സംയുക്തമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ഉള്‍ക്കൊള്ളിച്ച് മീന ബസാറില്‍ സംഘടിപ്പിക്കുന്ന പട്ടം പറത്തലും ഏറെ ശ്രദ്ധേയമാണ്. വ്യത്യസ്‌തമായ ചുമര്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്‌ത വര്‍ണാഭമായ പട്ടങ്ങള്‍ രാജ്യത്തിന്‍റെ ഐക്യത്തെ പ്രതിനിധാനം ചെയ്യുന്നു.
ആസാദി കാ അമൃത് മഹോത്സവ്: ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ 75ആമത് സ്വാതന്ത്ര്യ ദിനം വലിയ രീതിയില്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു മുഴുവന്‍ ജനങ്ങളും. ഇതിന്‍റെ ഭാഗമായി നിരവധി കാമ്പയിനുകളും മറ്റു പരിപാടികളും സര്‍ക്കാര്‍ നടപ്പിലാക്കി. സ്വാതന്ത്ര്യ സമരം, ആദര്‍ശങ്ങളുടെ 75 വര്‍ഷങ്ങള്‍, നിശ്ചയദാര്‍ഢ്യത്തിന്‍റെ 75 വര്‍ഷങ്ങള്‍, കര്‍മോത്സുകതയുടെ 75 വര്‍ഷങ്ങള്‍, വിജയത്തിന്‍റെ 75 വര്‍ഷങ്ങള്‍ എന്നിവയായിരുന്നു ആസാദി കാ അമൃത് മഹോത്സവിന്‍റെ ഉള്ളടക്കം. 2021 മാര്‍ച്ച് 12 മുതല്‍ 75 ആഴ്‌ചകള്‍ നീണ്ട മുന്നൊരുക്കത്തിലായിരുന്നു രാജ്യം.
ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവിന്‍റെ കീഴില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാമ്പയിനാണ് ഹര്‍ ഘര്‍ തിരംഗ. സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി എല്ലാ ജനങ്ങളും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് ഈ കാമ്പയിന്‍. മികച്ച രീതിയിലാണ് കാമ്പയിന്‍ ജനങ്ങള്‍ ഏറ്റെടുത്തത്.
കോമണ്‍ വെല്‍ത്ത് ഗെയിംസ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് മികച്ച വിജയം കൈവരിയ്ക്കാനായത് രാജ്യത്തിന്‍റെ 75ആമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റ് കൂട്ടുന്നു. 22 സ്വര്‍ണം അടക്കം 61 മെഡലുകളാണ് ഇന്ത്യ കോമണ്‍ വെല്‍ത്തില്‍ നേടിയത്.