ന്യൂഡല്‍ഹി : പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. (INDIA bloc's crucial meet Tuesday) നിയമസഭ തെരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് യോഗം.(2024 LS poll strategy) 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്‍കിയേക്കും.
ഇന്ന് വൈകിട്ട് മൂന്നിന് അശോക ഹോട്ടലിലാണ് യോഗം. സീറ്റുവിഭജന ചര്‍ച്ചകളും ഇന്നാരംഭിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള സംയുക്ത പ്രചാരണ പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
ബിജെപിക്കെതിരെ അജണ്ട രൂപീകരിക്കുക എന്നത് തന്നെയാണ് മുന്നണിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. "ഞാനല്ല, നമ്മള്‍"(Main nahim,hum-We not me) എന്ന മുദ്രാവാക്യത്തിലൂന്നി മുന്നോട്ട് പോകാനാണ് മുന്നണിയുടെ തീരുമാനമെന്ന് സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിന് ശേഷം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്ന് കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പറഞ്ഞിരുന്നു. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് ബിജെപിയെ തകര്‍ത്ത് മുന്നണി അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും മമത പ്രകടിപ്പിച്ചു. പശ്ചിമബംഗാളില്‍ ടിഎംസിയും കോണ്‍ഗ്രസും ഇടതും ചേര്‍ന്ന സഖ്യം സാധ്യമാണെന്നും മമത പറഞ്ഞു.
ബിജെപി ശക്തരല്ല. ഞങ്ങള്‍ ദുര്‍ബലരും, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ആവശ്യം - അവര്‍ പറഞ്ഞു. പ്രതിപക്ഷ മുന്നണി വൈകിയോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലാത്തതിനേക്കാള്‍ നല്ലതാണല്ലോ വൈകിയെങ്കിലുമെത്തുന്നത് എന്നായിരുന്നു മമതയുടെ മറുപടി. ഹിന്ദി ബെല്‍റ്റില്‍ ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മമതയുടെ പ്രതികരണം. ഹിന്ദി ബെല്‍റ്റ്, മറ്റിടങ്ങള്‍ ഇങ്ങനെ താന്‍ വേര്‍തിരിച്ച് കാണുന്നില്ലെന്നും മമത വ്യക്തമാക്കി. 2024ലും മോദി അധികാരത്തില്‍ തിരിച്ചെത്തുമെന്ന ബിജെപിയുടെ അവകാശവാദം മമത തള്ളി.
ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് പ്രതികരിച്ചു. ചില സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അവയുടെ പ്രവര്‍ത്തനങ്ങള്‍ ബഹുദൂരം മുന്നോട്ട് പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭിന്നശക്തികളെ അധികാരഭ്രഷ്ടരാക്കുക എന്നതാണ് തങ്ങളുടെ എല്ലാവരുടെയും ലക്ഷ്യമെന്നായിരുന്നു, ഇന്ത്യ സഖ്യത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ റോളിനെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുക്കാന്‍ ജെഡിയു നേതാവ് നിതീഷ് കുമാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും കഴിഞ്ഞ ദിവസം തന്നെ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ഒരു ബദല്‍ മിനിമം പരിപാടി സൃഷ്ടിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഓരോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. മുന്നണി കണ്‍വീനര്‍, വക്താവ്, ഒരു പൊതു സെക്രട്ടറിയേറ്റ് എന്നിവയില്‍ ധാരണയുണ്ടാക്കുക എന്നതാണ് ഇപ്പോള്‍ സഖ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം. വിവിധ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് വലിയ വെല്ലുവിളി തന്നെയാണ്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ ബിജെപിയുടെ മൃഗീയ ഭൂരിപക്ഷം പ്രതിപക്ഷ നിരയ്ക്ക് ഒരു ഐക്യമുഖം ഉണ്ടാകേണ്ടതിന്‍റെ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലും സമാജ് വാദി പാര്‍ട്ടിയും ഡിഎംകെയും കോണ്‍ഗ്രസുമായി സീറ്റ് പങ്കിടുന്നതിനെക്കുറിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആരും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതിനാല്‍ സീറ്റ് പങ്കിടല്‍ പ്രയാസമേറിയതാകും.
ജാതി സര്‍വേ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പേ പാളിപ്പോയത് കൊണ്ട് തന്നെ പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാകും സഖ്യത്തിലെ ഓരോ കക്ഷിയും ഇനി ശ്രമിക്കുക. ജാതി സെന്‍സസ് ഉയര്‍ത്തിക്കാട്ടി നടത്തിയ കോണ്‍ഗ്രസിന്‍റെയും മറ്റ് കക്ഷികളുടെയും പ്രചാരണ തന്ത്രങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിലയിരുത്തിയ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പച്ചതൊട്ടില്ല. അതുകൊണ്ടുതന്നെ തന്ത്രങ്ങള്‍ ഇനിയും പൊളിച്ചെഴുതേണ്ടി വരും.
പ്രതിപക്ഷ കക്ഷികളുടെ സംയുക്ത റാലി സംബന്ധിച്ച ആസൂത്രണങ്ങളും വേണം. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഭോപ്പാലില്‍ നിശ്ചയിച്ചിരുന്ന റാലി റദ്ദാക്കേണ്ടി വന്നിരുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് നിഷ്കരുണം തുടച്ച് നീക്കപ്പെട്ട കോണ്‍ഗ്രസിന് മുന്നണിയില്‍ ശക്തി ക്ഷയിച്ചിട്ടുണ്ട്. മുന്നണിയിലെ സമവായങ്ങളും മാറി മറിഞ്ഞു. മറ്റ് കക്ഷികള്‍ മുന്നണിയില്‍ കോണ്‍ഗ്രസിന്‍റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നുമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോല്‍വി വകവയ്ക്കാതെ തന്നെ, ബിജെപിയെ തങ്ങള്‍ നേരിടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസ്താവന നടത്തിയിരുന്നു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും തങ്ങള്‍ ബിജെപിയെ നേരിടുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് സമ്മാനിച്ച മ്ലാനതയില്‍ കുടുങ്ങാതെ കോണ്‍ഗ്രസിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാന്‍ തന്ത്രങ്ങള്‍ മെനയാന്‍ മുന്നിലുള്ളത് വളരെ ചുരുങ്ങിയ സമയം മാത്രമാണ്.
Also Read: 'ബിജെപിയെ എതിർക്കാൻ ശേഷിയില്ലാത്ത പ്രാദേശിക പാർട്ടിയായി കോൺഗ്രസ് ചുരുങ്ങി'; എം വി ഗോവിന്ദൻ
ഇന്ത്യാസഖ്യത്തിന്‍റെ നാലാം യോഗമാണ് ഇന്ന് നടക്കുന്നത്. ജൂണ്‍ 23ന് പറ്റ്നയിലായിരുന്നു ആദ്യ യോഗം. ജൂലൈ 17നും പതിനെട്ടിനും മുന്നണി ബെംഗളുരുവിലും യോഗം ചേര്‍ന്നു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ മുംബൈയിലായിരുന്നു മൂന്നാം യോഗം. ഇവിടെ വച്ച് 27 പാര്‍ട്ടികള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ പ്രമേയം അംഗീകരിച്ചു.