ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമാകാന്‍ താത്പര്യം അറിയിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഫനീഫ് അത്മറുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്.
തുര്‍ക്കി കേന്ദ്രീകരിച്ച് നടക്കുന്ന ഇസ്താന്‍ബൂള്‍ സമാധാന ചര്‍ച്ചയിലടക്കം ഭാഗവാക്കാവാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ പുരോഗതിയും യോഗത്തില്‍ പരിശോധിക്കപ്പെട്ടു. ദോഹ സമാധാനക്കരാര്‍, കഴിഞ്ഞയാഴ്ച മോസ്കോയില്‍ ചേര്‍ന്ന ട്രോയിക്കാ സമാധാന യോഗത്തിന്‍റെ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവ പ്രത്യാശ പകരുന്നതാണെന്ന് ഇരുരാജ്യങ്ങളും വിലയിരുത്തി.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാനിസ്ഥാന്‍ വിദേശ കാര്യമന്ത്രി മുഹമ്മദ് ഫനീഫ് അത്മര്‍ തിങ്കളാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തല്‍, താലിബാന്‍-അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍, സാമ്പത്തിക സഹകരണം. മേഖലയിലെ അന്താരാഷ്ട്ര പാതകളുടെ വികസനം തുടങ്ങിയ വിഷയങ്ങളാണ് ഹനീഫ് അത്മറിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ മുഖ്യ അജണ്ടകള്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ഹനീഫ് അത്മറും തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഉഭയകക്ഷി സഹകരണമടക്കമുള്ള വിഷയങ്ങളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
മേഖലയിലെ അന്താരാഷ്ട്ര പാതകളുടെ വികസനവും യോഗത്തില്‍ ചര്‍ച്ചയായി. മധ്യേഷ്യയില്‍ നിന്നും അഫ്ഗാന്‍ വഴി ദക്ഷിണേഷ്യയിലേക്ക് റെയില്‍വേപാത വികസിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ക്കാണ് മുഖ്യപരിഗണന നല്‍കിയത്. ചാബഹാര്‍ തുറമുഖ വികസനവും ഇരുരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയായി. സാമ്പത്തിക, വികസന സഹകരണത്തിനും നടന്ന് കൊണ്ടിരിക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയ്ക്കും പ്രത്യേക സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി.