വീണ്ടുമൊരു സ്വാതന്ത്ര്യം ദിനം കൂടി.... ഇന്ത്യ അടക്കി ഭരിച്ച വെള്ളക്കാരെ തുരത്തി നേടിയ സ്വാതന്ത്ര്യം... ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര ജവാന്മാരെ ഓര്‍ക്കാതെ ഒരു സ്വാതന്ത്ര്യ ദിനാഘോഷങ്ങളും കടന്ന് പോകില്ല. അതുകൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിക്കുന്നതിനുള്ള ദിനം കൂടിയാണ് ഓഗസ്റ്റ് 15. വിജയ ആഘോഷത്തിന്‍റെ ഓര്‍മയ്‌ക്കായി രാജ്യമെങ്ങും ത്രിവര്‍ണ പതാകകള്‍ പാറി പറക്കും. കാറ്റില്‍ പാറി പറക്കുന്ന ത്രിവര്‍ണ പതാകങ്ങള്‍ മനസ് കീഴടക്കുമ്പോള്‍ രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ദേശ ഭക്തി ഗാനങ്ങള്‍ മുഴങ്ങി കേള്‍ക്കും. രാജ്യം മുഴുവന്‍ ആഘോഷ ലഹരിലാകുമെന്നതാണ് ഓഗസ്റ്റ് 15ന്‍റെ പ്രത്യേകത. ആഘോഷം പൂര്‍ണമാകണമെങ്കില്‍ സംഗീതം വേണം. അതിന്‍റെ അലയൊലികളില്ലെങ്കില്‍ ആഘോഷങ്ങള്‍ അപൂര്‍ണമാണെന്ന് പറയാം. രാജ്യം 77ാം സ്വാതന്ത്ര്യ ആഘോഷ വേളയില്‍ നില്‍ക്കുന്ന ഈ ദിനത്തില്‍ വിപ്ലവ വീര്യം ഉണര്‍ത്തുന്ന ഏതാനും സിനിമകളെയും ഗാനങ്ങളെയും നമുക്ക് ഓര്‍ത്തെടുക്കാം...
എആര്‍ റഹ്‌മാന്‍റെ മാ തുജെ സലാം: സ്വാതന്ത്ര്യ ദിനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ തെളിയുന്ന ചിത്രമാണ് 'മാ തുജെ സലാം'. സണ്ണി ഡിയോള്‍, തബു, അര്‍ബാസ് ഖാന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം 1997 ജനുവരിയിലാണ് പുറത്തിറങ്ങിയത്. മാതൃരാജ്യത്തോടുള്ള ജനങ്ങളുടെ സ്‌നേഹവും വികാരവും തികച്ചും പ്രതിധ്വനിക്കുന്ന ചിത്രമാണിത്. എആര്‍ റഹ്‌മാന്‍റെ മാ തുജെ സലാം എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. എആര്‍ റഹ്‌മാന്‍റെ മാസ്റ്റര്‍ പീസ് ഐറ്റം എന്ന് തന്നെ പറയാവുന്ന ഗാനമാണ് മാ തുജെ സലാം. രാജ്യത്തോടുള്ള ഒടുങ്ങാത്ത സ്‌നേഹവും ഭക്തിയുമാണ് ഗാനത്തിലൂടെ വരച്ച് കാട്ടുന്നത്.
പര്‍ദെസിലെ 'ഐ ലവ് ഇന്ത്യ': 1997ല്‍ പുറത്തിറങ്ങിയ പര്‍ദെസ് എന്ന ചിത്രത്തിലെ ഐ ലവ് ഇന്ത്യ എന്ന ഗാനവും ഇന്ത്യന്‍ ജനതയുടെ ശ്രദ്ധയാകര്‍ഷിച്ച ഗാനമാണ്. സുഭാഷ് ഘായി സംവിധാനം ചെയ്‌ത പര്‍ദേസ് ഒരു റൊമാന്‍റിക് ഡ്രാമ മ്യൂസിക്കല്‍ വിഭാഗത്തില്‍പ്പെട്ട ചലച്ചിത്രമാണ്. ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍ പുതുമുഖങ്ങളായാണ് മഹിമ ചൗധരി, അപൂര്‍വ്വ അഗ്നിഹോത്രി എന്നിവരെത്തിയത്. 1997ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച ചിത്രങ്ങളിലൊന്ന് കൂടിയാണ് പര്‍ദെസ്.
റാസിയിലെ ഏ വാതന്‍: രാജ്യ സ്‌നേഹം ഹൃദയത്തില്‍ അലിയിക്കുന്ന ഗാനമാണ് റാസിയെന്ന ചിത്രത്തിലെ 'ഏ വാതന്‍' എന്ന ഗാനം. ഇന്ത്യന്‍ പിന്നണി ഗായകനും സംഗീത സംവിധായകനുമായ അരിജിത് സിങ്ങും സുനിധി ചൗഹാനും ഒന്നിച്ച് ആലപിച്ച ഗാനം ഏതൊരു ഇന്ത്യക്കാരന്‍റെ മനസിനെയും കീഴടക്കും. ഗുല്‍സാറും അല്ലാമ ഇഖ്‌ബാലും വരികളെഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നത് ശങ്കര്‍ എഹ്‌സാന്‍ ലോയ്‌യാണ്. 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഏ വാതന്‍ എന്ന ഗാനത്തിന് 2019ല്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡിലൂടെ അരിജിത് സിങിന് മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
നയാ ദൗറിലെ യേ ദേശ് ഹേ വീർ ജവാനോൻ കാ: ബി ആര്‍ ചോപ്ര സംവിധാനം ചെയ്‌ത നയാ ദൗറിലെ യേ ദേശ് ഹേ വീർ ജവാനോൻ കാ എന്ന ഗാനം ഏറെ ദേശ സ്‌നേഹം വിളിച്ചോതുന്നതാണ്. മുഹമ്മദ് റാഫിയും ബല്‍ബീറും തകര്‍ത്താലപിച്ച ഗാനം സ്വാതന്ത്ര്യ ആഘോഷ വേളകളില്‍ മിക്കയിടങ്ങളിലും ഇപ്പോഴും ഉയര്‍ന്ന് കേള്‍ക്കാനാകും. ബി ആര്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രം ഗാനം കൊണ്ട് ഏറെ ജന ശ്രദ്ധ നേടിയെന്ന് മാത്രമല്ല അക്കാലത്തെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രവും നയാ ദൗര്‍ ആയിരുന്നു.
രംഗ് ദേ ബസന്തി: രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്‌ത രംഗ് ദേ ബസന്തി 2006 ലാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം കണ്ടവരിലെല്ലാം ഇന്നും മായാത്ത ഓര്‍മയാണ് ചിത്രത്തിലെ രംഗ് ദേ ബസന്തി എന്ന് തുടങ്ങുന്ന ഗാനം. ദേശ ഭക്തി ഉയര്‍ത്തുന്ന ഭാംഗ്ര-ഫ്യൂഷൻ ഗാനമാണ് രംഗ് ദേ ബസന്തി.