ജോധ്പൂർ: കൊറിയൻ വ്ളോഗര്‍ക്ക് മുന്‍പില്‍ പാന്‍റ് അഴിച്ചു കാണിക്കുകയും അസഭ്യംപറയുകയും ചെയ്‌ത സംഭവത്തില്‍ പ്രതി പിടിയില്‍. പച്ചേടിയ ഹില്‍സില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വ്ളോഗറോട് യുവാവ് അസഭ്യം പറയുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്‌തത്. ജോധ്‌പൂര്‍ ഗാന്ധി കി ഗലി സ്വദേശിയായ ദീപക് ജലാനിയാണ് പിടിയിലായത്.
നീലനിറത്തില്‍ താമസകെട്ടിടങ്ങളുള്ള പ്രദേശമായ ജോധ്‌പൂരിലെ ബ്ലൂ സിറ്റി പച്ചേടിയ ഹില്‍സിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് യുവാവിന്‍റെ ഈ പെരുമാറ്റം. യുവതി ദൃശ്യം പകര്‍ത്തുന്നതിനിടെ യുവാവ് പാന്‍റഴിച്ചുകാണിച്ചതിനാല്‍ ഈ ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസിന് പ്രതിയെ പിടികൂടാന്‍ സഹായകരമായി. സംഭവത്തെ തുടര്‍ന്ന് വ്ളോഗര്‍ ഇവിടെനിന്നും ഇറങ്ങുകയും തുടര്‍ന്ന് പ്രതിയായ യുവാവ് പുറകെ വരാൻ തുടങ്ങുകയും ചെയ്‌തു. ഇന്നലെയുണ്ടായ (ഏപ്രില്‍ 16) സംഭവം ഇന്ന് പുറത്തുവന്നതോടെ പൊലീസ്, യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കൊറിയൻ വ്ളോഗറായ യുവതി പ്രദേശത്തെ ക്ഷേത്രം സന്ദര്‍ശിക്കുകയും തുടര്‍ന്ന് ഇവിടെനിന്നുള്ള പടവുകൾ ഇറങ്ങുമ്പോൾ പ്രതി പിന്തുടരുകയായിരുന്നു. തുടര്‍ന്ന്, യുവതി ഇയാളെ കണ്ട് മുന്നോട്ടുപോവുമ്പോള്‍ പ്രതി അസഭ്യം പറയുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയുമായിരുന്നു. സദർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ദിനേശ് ലഖാവത്ത് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ സദർ പൊലീസ് സ്റ്റേഷൻ ഓഫിസർ ദിനേശ് ലഖാവത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കമ്മിഷണർ രവിദത്ത് ഗൗർ പറഞ്ഞു.