ന്യൂഡൽഹി: ബജറ്റിൽ കസ്‌റ്റംസ് തീരുവ വർധിപ്പിക്കുമെന്ന പ്രഖ്യാപനം ഏറ്റവും അധികം ബാധിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകളെയാണ്. ആഡംബര കാറുകൾ, വൈദ്യുത വാഹനങ്ങൾ ഉൾപ്പടെ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വില ഉയരും. ഇന്ത്യയിൽ നിർമാണം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അവശ്യേതര വസ്‌തുക്കളുടെ ഇറക്കുമതി തടയുന്നതിനുമായാണ് കസ്‌റ്റംസ് തീരുവ വർധിപ്പിച്ചത്.
വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുകയോ (സിബിയു– കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) ഘടകങ്ങൾ ഇറക്കുമതി ചെയ്‌ത് അസംബിൾ ചെയ്യുകയോ ആണ് വാഹന നിർമാതാക്കളുടെ രീതി. 3000 ccയിൽ താഴെയുള്ള പെട്രോൾ വാഹനങ്ങൾക്കും 2500 ccയിൽ താഴെയുള്ള ഡീസൽ വാഹനങ്ങൾക്കും നികുതി വർധിപ്പിച്ചു. 60 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 70 ശതമാനമായാണ് ഉയർത്തിയത്.
ഇലക്‌ട്രിക് വാഹനങ്ങൾ ഉൾപ്പെടെ ഘടകങ്ങൾ ഇറക്കുമതി ചെയ്‌ത് ഇവിടെ അസംബിൾ ചെയ്യുന്ന (സെമി നോക്ക്ഡ് ഡൗൺ-എസ്‌കെഡി) വാഹനങ്ങളുടെ കസ്‌റ്റംസ് തീരുവ 30 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയരുമെന്നും ബജറ്റിൽ ധനമന്ത്രി വിശദീകരിച്ചു. എന്നാൽ വൈദ്യുത വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളുടെ കസ്‌റ്റംസ് തീരുവ 18 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറച്ചിട്ടുമുണ്ട്.
പ്രകൃതിവാതകം, ബയോഗ്യാസ് എന്നിവയുടെ എക്സൈസ് തീരുവയും കുറച്ചിട്ടുണ്ട്. പഴയ വാഹനങ്ങൾ പൊളിക്കൽ നയത്തിന് കൂടുതൽ സഹായം നല്‍കും. ഇതിന് സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുമെന്നും. പഴയ സർക്കാർ വാഹനങ്ങളും പൊളിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.