ഇസ്‌ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും ആസ്‌തി വെളിപ്പെടുത്താന്‍ അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐഎംഎഫ്) നിര്‍ദേശം. ഗ്രേഡ് 17-ഉം അതിന് മുകളിലുമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്‌തി വിവരകണക്കുകള്‍ വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം. നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ അന്താരാഷ്‌ട്ര നാണയ നിധിയുമായി നടത്തുന്ന ചര്‍ച്ചയിലാണ് പാകിസ്ഥാന്‍ ഭരണകൂടത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
പാകിസ്ഥാനും അന്താരാഷ്‌ട്ര നാണയ നിധിയും തമ്മില്‍ സാമ്പത്തിക, ധന നയങ്ങളും പരിഷ്‌കരണ അജണ്ടകളും സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇവയുടെ മെമ്മോറാണ്ടം പൂര്‍ത്തിയാക്കുന്നതിനുള്ള നയപരമായ ചര്‍ച്ച ഫെബ്രുവരി ഒമ്പത് വരെ തുടരും.
ഗ്രേഡ് 17ഉം അതിന് മുകളിലുമുള്ള പദവി വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും നിര്‍ബന്ധമായും തങ്ങളുടെ ആസ്‌തി വെളിപ്പെടുത്തണമെന്ന് ഐഎംഎഫ് അറിയിച്ചിട്ടുണ്ട്. ആസ്‌തി കണക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നിയമ നിര്‍മാണ ഏജന്‍സികളെ സഹായിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപിക്കുമെന്ന് പാകിസ്ഥാന്‍ മാധ്യമമായ ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കൂടാതെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രാജ്യത്തെ കരകയറ്റുന്നതിന്, പ്രാദേശിക കറൻസിക്ക് വിപണി നിശ്ചയിക്കുന്ന വിനിമയ നിരക്കും ഇന്ധന സബ്‌സിഡികൾ ലഘൂകരിക്കലും ഉൾപ്പെടെ നിരവധി നിബന്ധനകളും ഐഎംഎഫ് പാക് ഭരണകൂടത്തിന് മുന്നില്‍ വച്ചിട്ടുണ്ട്.
രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് വിനിമയ നിരക്കിന്‍റെ പരിധി അടുത്തിടെ നീക്കം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഇന്ധനവില 16 ശതമാനം വര്‍ധിപ്പിച്ചു. കൂടാതെ, രാജ്യത്ത് അഴിമതി തടയുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമുള്ള പ്രാധാന്യം വളര്‍ത്താന്‍ ടാസ്‌ക് ഫോഴ്‌സുകള്‍ സ്ഥാപിക്കണമെന്നും ഐഎംഎഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അന്താരാഷ്‌ട്ര നാണയ നിധിയുടെ നിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് വ്യക്തമാക്കിയാതിയി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.