ന്യൂഡല്‍ഹി : യോഗ ഗുരു ബാബ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) പരാതി നല്‍കി. പ്രകോപനങ്ങളില്ലാതെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അപമാനകരമായ പ്രസ്താവനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് കത്ത്.
ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ നിയമാനുസൃത അംഗീകാരമുള്ള 'കസ്റ്റോഡിയൻ' എന്ന നിലയിൽ വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.
ആധുനിക അലോപ്പതി ഒരു വിഡ്ഢിത്തവും പരാജയപ്പെട്ടതുമായ ശാസ്ത്രമാണ്. അലോപ്പതി ചികിത്സയിലൂടെ നിരവധി കൊവിഡ് രോഗികള്‍ മരിച്ചുവെന്നുമുള്‍പ്പെടെയുള്ള രാംദേവിന്‍റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാംദേവും സംഘടനയും തമ്മിലുള്ള തർക്കം മൂര്‍ഛിച്ചത്.
also read: കൊറോണിൽ കിറ്റിനെതിരെ കേന്ദ്രത്തിന് കത്തെഴുതി ഐഎംഎ മഹാരാഷ്ട്ര ഘടകം
അതേസമയം കൊവിഡ് വാക്സിനേഷനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകിയെന്നാരോപിച്ച് രാംദേവിനെതിരെ രാജ്യദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഐഎംഎ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു.
വിഷയത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മെയ് അവസാന വാരം മാനനഷ്ടകേസ് നല്‍കിയിട്ടുമുണ്ട്.