ചെന്നൈ : കൊവിഡ് വാക്‌സിൻ, ആധുനിക വൈദ്യശാസ്‌ത്രം എന്നിവയെ കുറിച്ചുള്ള വിവാദ പരാമർശങ്ങൾ പിൻവലിച്ചാൽ യോഗഗുരു ബാബ രാംദേവിനെതിരെ നൽകിയ മാനനഷ്‌ട കേസ് ഉൾപ്പെടെയുള്ള പരാതികൾ പിൻവലിക്കുന്നത് പരിഗണിക്കാമെന്ന് ഐ.എം.എ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ മേധാവി ഡോ. ജെ ജയലാലാണ് ഇക്കാര്യം അറിയിച്ചത്.
ബാബ രാംദേവിന്‍റെ പ്രസ്‌താവനകൾ ജനങ്ങളിൽ ആശയകുഴപ്പം ഉണ്ടാക്കുമെന്നും വിവാദ പരാമർശങ്ങൾ പൂർണമായി പിൻവലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്, ആധുനിക വൈദ്യശാസ്‌ത്രം, അലോപ്പതി ഡോക്‌ടർമാർ തുടങ്ങിയവ സംബന്ധിച്ച് ബാബ രാംദേവ് വിവാദ പരാമർശം നടത്തിയതിന് പിന്നാലെ ഐ.എം.എ മാനനഷ്‌ട കേസ് നൽകിയിരുന്നു. 15 ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്നും അല്ലെങ്കിൽ 1000 കോടി രൂപ നഷ്‌ട പരിഹാരം നൽകണമെന്നുമായിരുന്നു ആവശ്യം. രാംദേവിനെതിരെ നടപടി എടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അസോസിയേഷൻ അഭ്യർഥിച്ചതായും ഐ.എം.എ മേധാവി അറിയിച്ചിരുന്നു.
Also Read: ഒരു വർഷത്തിനുള്ളിൽ 1000 അലോപ്പതി ഡോക്ടർമാരെ ആയുർവേദത്തിലേക്ക് മാറ്റുമെന്ന് ബാബാ രാംദേവ്
അതേസമയം രാജ്യം കൊവിഡ് രണ്ടാം തരംഗത്തിനെതിരെ പൊരുതുമ്പോൾ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നതിനും സർക്കാരിന് പിന്തുണ നൽകണമെന്നും യോഗ ഗുരു അനുയായികളെ ഉപദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യശാസ്‌ത്രത്തിൽ യോഗ്യതയും പരിശീലനവും നേടിയാൽ മാത്രമേ ഒരു ഡോക്‌ടറിന് മരുന്ന് കുറിച്ച് നൽകാൻ സാധിക്കൂ. മതങ്ങളെ കുറിച്ച് ഇവിടെ പരാമർശിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.